ആലപ്പുഴ: എറണാകുളത്ത് താമസിച്ച് ഹരിപ്പാട് നൈറ്റ് ഡ്യൂട്ടി. അഞ്ചുവർഷത്തിനിടെ 80 മോഷണം നടത്തിയ പ്രതി പിടിയിൽ. ഹരിപ്പാടിനു സമീപം കുമാരപുരം, കരുവാറ്റ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി 2015 മുതൽ മോഷണം നടത്തി പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
കരുവാറ്റ പഞ്ചായത്തിലെ മോഷണം നടന്ന നാലു വീടുകളിൽ ആണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് സംഘം പോയത്. താമല്ലാക്കൽ കെ.വി ജെട്ടി മാണിക്കോത്ത് അജിത്ത് തോമസു(43) മായി ഹരിപ്പാട് സി ഐ ആർ ഫയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പിനെത്തിയ ഈ വീടുകളിൽ നിന്ന് ഏകദേശം 15 പവനോളം സ്വർണം ഇയാൾ മോഷ്ടിച്ചിരുന്നു. ഇരുപത്തിനാലാം തീയതി വരെയാണ് പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
അഞ്ചുവർഷം കൊണ്ട് കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി ഏകദേശം എൺപതോളം മോഷണങ്ങൾ ആണ് ഇയാൾ നടത്തിയത്. എറണാകുളത്ത് താമസമാക്കിയ ഇയാൾ രാത്രിയിൽ ബൈക്കിൽ കുമാരപുരത്ത് എത്തുകയും കാൽനടയായി പല സ്ഥലങ്ങളിലും മോഷണം നടത്തി രാത്രി തന്നെ തിരികെ പോകുകയുമാണ് പതിവ്.