ഹിന്ദി അറിയാത്തവരെ ആക്ഷേപിച്ച ആയുഷ് സെക്രട്ടറിക്കെതിരെ പ്രതിഷേധം

ന്യൂഡെൽഹി: ഹിന്ദി അറിയാത്തവരെ ആക്ഷേപിച്ച ആയുഷ് സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കനിമൊഴി ആയുഷ് മന്ത്രിക്ക് കത്തയച്ചു.

ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറില്‍ നിന്ന് ഹിന്ദി അറിയാത്തവരോട് ഇറങ്ങിപ്പോകാന്‍ സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച ആവശ്യപ്പെട്ടതായാണ് പരാതി. യോഗ മാസ്റ്റേഴ്‌സ് ട്രെയിനേഴ്‌സിനായി ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച വെര്‍ച്വല്‍ ട്രെയിനിംഗ് യോഗത്തിലാണ് ഹിന്ദി അറിയാത്തവരോട് ഇറങ്ങിപ്പോകാന്‍ ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച ആവശ്യപ്പെട്ടത്. യോഗത്തില്‍ പങ്കെടുത്ത 300 പേരില്‍ 37 പേര്‍ തമിഴ്‌നാട്ടുകാരായിരുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് ആയുഷ് സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമായത്. വെബിനാറില്‍ ആമുഖപ്രസംഗം നടത്തുന്നതിനിടെ വൈദ്യ രാജേഷിനോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം.

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കത്ത് നല്‍കി. രാജേഷിനെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. ആയുഷ് സെക്രട്ടറിക്കെതിരെ കാര്‍ത്തി ചിദംബരം എംപിയും രംഗത്തുവന്നിരുന്നു.