കാക്കനാട്: തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും രൂക്ഷമായ വന്യമൃഗശല്യവും മൂലം സങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കര്‍ഷകരെയും കാര്‍ഷിക വൃത്തിയെയും സംരക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സർക്കാർ പ്രതിബദ്ധതയോടെ സ്വീകരിക്കണമെന്ന് സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡ് ആവശ്യപ്പെട്ടു.
കാർഷിക ഉല്പന്നങ്ങളുടെ അത്ഭുതപൂര്‍വ്വമായ വിലത്തകര്‍ച്ച കര്‍ഷകരുടെ നിലനില്പ്പിനെത്തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ജനവാസമേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളായി ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടാകുന്നത് അപലപനീയമാണ്. കാര്‍ഷികവായ്പകളുടെ പലിശയെങ്കിലും എഴുതിത്തള്ളി കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണം.
വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ ഒതുക്കിനിര്‍ത്തി കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ക്രിയാത്മകമായ ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണം. റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായതാങ്ങുവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്കുണ്ടാകുന്ന ഭീമമമായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണം. വനപാലകരുടെ കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചിറ്റാറിലെ പി.പി മത്തായിയുടെ മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യങ്ങളൊരുക്കി ആ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നാലു ദിവസമായി ഓൺലൈനിലൂടെ ചേർന്ന
സീറോമലബാര്‍സഭാ
സിനഡ് വെള്ളിയാഴ്ച സമാപിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സിനഡ് ചേർന്നത്. ഇന്ത്യയിലെ സഭാ രൂപതകൾ കൂടാതെ അമേരിക്ക, ഇറ്റലി, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ശുശ്രൂഷചെയ്യുന്ന മെത്രാന്മാരും വിരമിച്ചവരും ഉള്‍പ്പെടെ 62 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുത്തു.