18 മാസത്തിനുള്ളിൽ 65കാരി എട്ട് കുട്ടികളെ പ്രസവിച്ചു; സർക്കാർ രേഖ

പട്‌ന: 18 മാസത്തിനുള്ളിൽ 65കാരി എട്ട് കുട്ടികളെ പ്രസവിച്ചതായി സർക്കാർ രേഖകൾ. ദേശീയ മാതൃഗുണഭോക്തൃ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചുതുടങ്ങിയതോടെയാണ് ഇവർ രേഖകൾ പരിശോധിച്ചത്. ബിഹാറിലെ മുസഫർപുർ സ്വദേശിയായ ലീല ദേവിയാണ് സർക്കാന്റെ കണക്കിൽ ഒന്നര വർഷത്തിനുള്ളിൽ എട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 21 വർഷം മുമ്പാണ് താൻ മകനെ പ്രസവിച്ചതെന്ന് ലീലാ ദേവി പറയുന്നു. പദ്ധതി പ്രകാരം ഇവർക്ക് പ്രതിമാസം 1400 രൂപയും ആശ വർക്കർക്ക് 600 രൂപയും ലഭിക്കുന്നുണ്ട്.

66കാരിയായ ശാന്തി ദേവി ഒരു ദിവസം 10 മണിക്കൂർ വ്യത്യാസത്തിൽ രണ്ട് കുട്ടികൾക്ക് ജന്മം നൽകിയതായും രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ലീലാ ദേവിക്ക് ആനുകൂല്യം ലഭിച്ചത്. ഉടൻ ഇവർ അധികതരുമായി ബന്ധപ്പെട്ട് താൻ പ്രസവിച്ചിട്ടില്ലെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പണം തിരികെ നൽകി. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് ലീലാ ദേവി ഒന്നര വർഷത്തിനുള്ളിൽ എട്ട് കുട്ടികളെ പ്രസവിച്ചതായി ശ്രദ്ധയിൽപ്പെട്ടത്.

ലീലാ ദേവി മാത്രമല്ല, 50ഓളം പ്രായമായ സ്ത്രീകളെയും സമാനമായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവ് നൽകി. കസ്റ്റമർ സർവീസ് പോയിന്റ് ജീവനക്കാരൻ തട്ടിപ്പ് നടത്തിയതാണ് പ്രാഥമിക നിഗമനം. പണം തട്ടാനായി അനധികൃതമായി പേരുകൾ ചേർത്തതാണെന്നും സംശയമുണ്ട്. ഇയാൾ ഒളിവിലാണ്.

ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ വിരലടയാളം വേണമെന്നിരിക്കെ സിഎസ്പി ഓപ്പറേറ്റർക്ക് എങ്ങനെ പണം പിൻവലിച്ചുവെന്നതിനെക്കുറിച്ച് അറിയില്ലെന്ന് എസ്ബിഐ മാനേജർ അറിയിച്ചു.