വാഷിംഗ്‍ടണ്‍: കൊറോണ ബാധിതരുടെ എണ്ണത്തിൽ മുന്നിലായിരുന്ന ലോക രാഷ്ട്രങ്ങളിൽ നേരിയ ശമനമുണ്ടാകുമ്പോൾ ഇന്ത്യയിൽ പ്രതിദിന രോഗബാധിതർ വർധിക്കുന്നു. ലോകത്ത് ഏറ്റവുമധികം പ്രതിദിന രോഗവർധന ഇപ്പോൾ ഇന്ത്യയിലാണ്. 60000 ത്തിന് മുകളിലാണ് ഏതാനും ദിവസമായി ഇന്ത്യയിലെ പ്രതിദിന രോഗബാധിതർ.
അതേസമയം 7.89 ലക്ഷത്തില്‍ അധികം പേരാണ് ലോകത്ത് വൈറസ് ബാധിച്ച് മരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം രണ്ടേകാൽ കോടി കവിഞ്ഞു. വിവിധ ലോകരാജ്യങ്ങളിൽ പ്രതിദിന കൊറോണ രോഗവർധനയിൽ കുറവുണ്ടായി. ഒരു ഘട്ടത്തിൽ പ്രതിദിനം 70,000 ത്തോളം രോഗികൾ ഉണ്ടായിരുന്ന അമേരിക്കയിൽ അത് 42,000 മായി കുറഞ്ഞു. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതും അമേരിക്കയിലാണ്. 56.98 ലക്ഷം പേരാണ് അമേരിക്കയില്‍ കൊറോണ ബാധിതര്‍. മരണം ഒന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു.
റഷ്യയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോൾ 5000 മാത്രമാണ്. ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിൽ വെറും 17 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തിൽ ആയിരക്കണക്കിന് രോഗികൾ ഉണ്ടായിരുന്ന ഇറ്റലിയിൽ ഇന്നലെ വെറും 600 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഗൾഫ് രാജ്യങ്ങളിലും രോഗവ്യാപനത്തിൽ കുറവുണ്ട്.
കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയിൽ 28 ലക്ഷം കടന്നു. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം പ്രതിദിന വർദ്ധനവ് ഇന്നും 60000 മുകളിൽ എന്നാണ് സൂചന. മഹാരാഷ്ടയിൽ ഇന്നലെ 13,165 പേര്‍ രോഗബാധിതരായി. ആന്ധ്രയിൽ 9,742 പേർക്കും കർണാടകത്തിൽ 8642 പേർക്കും രോഗം സ്ഥിരീകരിച്ചു.
തമിഴ് നാട്ടിൽ ഇന്നലെ 5795 പുതിയ രോഗികൾ ഉണ്ടായി. ഉത്തർപ്രദേശിലും ബിഹാറിലും പ്രതിദിന വർദ്ധന ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. എട്ട് ലക്ഷത്തിൽ ഏറെയാണ് രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന.