ഡിസംബറിൽ സ്‌കൂളുകൾ തുറന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ പരീക്ഷ; സാധ്യമായില്ലെങ്കിൽ സിലബസ് വെട്ടിക്കുറയ്ക്കും

തിരുവനന്തപുരം: ഡിസംബറിൽ സ്‌കൂളുകൾ തുറക്കാനായാൽ തുടർച്ചയായി ക്ലാസുകൾ നടത്തി
ഏപ്രിൽ, മേയ് മാസങ്ങളിൽ പരീക്ഷ. ഇക്കൊല്ലത്തെ അധ്യയനവും, വാർഷിക പരീക്ഷകളും ഈ രീതിയിൽ ക്രമീകരിക്കാൻ സർക്കാർ ആലോചന തുടങ്ങി. ഡിസംബറിൽ സ്കൂളുകൾ തുറക്കാനായില്ലെങ്കിൽ മാത്രം സിലബസ് വെട്ടിക്കുറക്കാം എന്നാണ് സർക്കാരിന്റെ നിലപാട്.

സ്‌കൂളുകൾ ഡിസംബറിൽ തുറക്കാനായാലാണ് മധ്യവേനൽ അവധിക്കാലം ഒഴിവാക്കി ആ മാസങ്ങൾ പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്.

ഡിസംബർ മുതൽ ശനിയാഴ്ചകളിൽ ഉൾപ്പെടെ ഏപ്രിൽ വരെ തുടർച്ചയായി അഞ്ച് മാസം സ്‌കൂളിൽ അധ്യയനം നടത്തുക. ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി ബാക്കി പാഠഭാഗങ്ങൾ അതിനകം പരമാവധി പഠിപ്പിച്ചു തീർക്കാനാവും എന്നാണ് വിലയിരുത്തൽ. ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂൾ വാർഷിക പരീക്ഷകൾ ഏപ്രിൽ അവസാനമോ, മെയ് പകുതിക്ക് മുമ്പോ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് അവസാനത്തോടെയും പൂർത്തിയാക്കാമെന്ന രീതിയിലാണ് എന്നിങ്ങനെയാണ് സർക്കാർ കണക്കുകൂട്ടൽ.

എസ്എസ്എൽസി,​ പ്ലസ് ടു പരീക്ഷാഫലം ജൂൺ 15 നകം പ്രസിദ്ധീകരിക്കാനും, ജൂലായിൽ പ്ലസ് വൺ,​ ഡിഗ്രി പ്രവേശനം പൂർത്തിയാക്കാനും കഴിയും.

ഇതിലൂടെ അടുത്ത അധ്യായന വർഷത്തെ ബാധിക്കാതെ തന്നെ ജൂൺ പകുതിയോടെ സ്കൂളുകൾ തുറക്കാൻ കഴിഞ്ഞേക്കും. നിലവിൽ ഓൺലൈൻ ക്ലാസുകൾ വഴി പാഠഭാ​ഗങ്ങൾ പൂർത്തിയാക്കാൻ കാലതാമസമുണ്ട്. ഇത് കണക്കിലെടുത്ത് വേണ്ടി വന്നാൽ സിലബസ് വെട്ടിക്കുറയ്ക്കുന്നതും പരിഗണിക്കും.

കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് പ്രായോഗികമാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രോഗവ്യാപനം കുറയാതെ ക്ലാസുകളും പരീക്ഷകളുമെന്ന ആശയം പ്രായോഗികമല്ല. കുട്ടികൾക്കിടയിൽ രോഗം പൊട്ടി പുറപ്പെട്ടാൽ അത് വലിയ വിപത്തായിമാറും. സർക്കാരിന് ഖ്യാതിക്ക് വേണ്ടി സ്കൂളുകൾ തുറന്നാൽ തിരച്ചടിയായി മാറാൻ ഇടയുണ്ട്. ഡിസംബറോടെ പ്രതിരോധ വാക്സിൻ കണ്ടെത്തിയാലും എല്ലായിടത്തുമെത്താൻ സമയമെടുക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതും മെയ് മാസത്തിലാണെന്നതിനാൽ മെയ് മാസത്തെ പരീക്ഷ എന്ന ആശയം പ്രായോഗികമാകാൻ ഇടയില്ല.