കൊറോണ ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ ഏറെയും സർക്കാർ മേഖലയിൽ സേവനം അനുഷ്ടിക്കുന്നവർ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരിൽ ഏറെയും കൊറോണ ബാധിക്കുന്നത് സർക്കാർ മേഖലയിൽ സേവനം അനുഷ്ടിക്കുന്ന വരിൽ. ജൂലൈ മാസത്തിലെ രോ​ഗബാധിതരുടെ കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. രോഗബാധിതരായ 98 ഡോക്ടമാരില്‍ 74പേരും സര്‍ക്കാര്‍ ഡോക്ടര്‍മാരാണ്. എന്നാൽ ആരോ​ഗ്യപ്രവർത്തകരിൽ ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിക്കുന്നത് നഴ്സുമാർക്കാണ്. ജൂലൈ 11 മുതല്‍ 31 വരെയുള്ള ആരോഗ്യവകുപ്പിൻ്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രോഗ ബാധിതരായ 441 ആരോഗ്യ പ്രവര്‍ത്തകരില്‍ 148പേര്‍ നഴ്സുമാരാണ്. രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ 33 ശതമാനം വരുമിത്. ഇതിൽ 82പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരാണ്. ആശുപത്രി ജീവനക്കാര്‍ 85 , ഹെൽത്ത് ഇൻസ്പെക്ടര്‍മാര്‍ 20 , ആശാ പ്രവര്‍ത്തകര്‍ 17, പാരാമെഡിക്കല്‍ ജീവനക്കാര്‍ 46, മറ്റ് ഓഫിസ് ജീവനക്കാര്‍ 28 എന്നിങ്ങനെയാണ് രോഗം ബാധിച്ച മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം.

ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരായത് തിരുവനന്തപുരത്താണ്, 30ശതമാനം പേര്‍. തൊട്ടുപിന്നില്‍ കണ്ണൂർ, കോഴിക്കോട് ജില്ലകളാണ്. ഏറ്റവും കുറവ് പാലക്കാട്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 34.9 ശതമാനം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സെന്‍റിനല്‍ സര്‍വേ വഴി 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം കണ്ടെത്തിയത്.

സംസ്ഥാനത്ത് നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയി രോഗം സ്ഥിരീകരിച്ച 227 പേരില്‍ 8 പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ നിന്ന് രോഗം കിട്ടിയതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം , വയനാട് ജില്ലകളില്‍ നിന്നുള്ള 2പേര്‍ക്ക് വീതവും കോട്ടയം , പാലക്കാട് , കോഴിക്കോട് , കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും ആണ് കേരളത്തില്‍ നിന്ന് രോഗം പിടിപെട്ടത്.