ന്യൂഡെൽഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി. അൻപത് വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിൻ്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തു.
രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർപോർട്ട് അതോറിറ്റിക്കാണ്. ഇതിൽ 25-ഓളം വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനാണ് തീരുമാനം.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രിമാരും പ്രകാശ് ജാവദേക്കറും ജിതേന്ദ്രസിംഗും പറഞ്ഞു.
ടെൻഡർ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെൻഡറിൽ കൂടുതൽ തുക നിർദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ വിശദീകരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങൾ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നൽകിയിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പഞ്ചാബിലെ അമൃത്സർ, യുപിയിലെ വാരണാസി, ഒഡിഷയിലെ ഭുവനേശ്വർ, മധ്യപ്രദേശിലെ ഇൻഡോർ, ഛത്തിസ്ഗഡിലെ റായ്പുർ എന്നീ വിമാനത്താവളങ്ങളാണ് രണ്ടാം ഘട്ട സ്വകാര്യവത്കരണത്തിൽ ഉൾപ്പെടുത്തിട്ടുള്ളത്.