നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിൽക്കാൻ നീക്കം

ന്യൂഡെൽഹി: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി വിഹിതം വെട്ടിക്കുറയ്ക്കാനുളള നടപടികൾ വേഗത്തിലാക്കാൻ
പിഎംഒ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷം തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ.

പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ഈ നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. ചെയ്യുന്നു. ഇവയിൽ കേന്ദ്ര സർക്കാരിന് പ്രത്യക്ഷവും പരോക്ഷവുമായ ഹോൾഡിംഗുകളിലൂടെ ഭൂരിപക്ഷ ഓഹരി വിഹിതമുണ്ട്.

2021 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ നാല് ബാങ്കുകൾ സ്വകാര്യവത്കരിക്കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസം ആദ്യം ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

കൊറോണ പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് നികുതി പിരിവ് കുറയുന്നതിനിടയിൽ ബജറ്റ് ചെലവുകൾക്കായുളള ധനസമാഹരണത്തിനായി ബാങ്കുകളുടെയും മറ്റ് സർക്കാർ കമ്പനികളുടെയും സ്വകാര്യവൽക്കരണം വേ​ഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.

പൊതുമേഖല ബാങ്കിംഗ് വ്യവസായത്തിന്റെ പുന:സംഘടനയുടെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ എണ്ണം നാലോ അഞ്ചോ ആയി കുറച്ചേക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഐഡിബിഐക്ക് പുറമേ ഇന്ത്യയിൽ നിലവിൽ ഒരു ഡസൻ പൊതുമേഖലാ ബാങ്കുകളുണ്ട്.