വര്‍ഗീയ സംഘര്‍ഷത്തില്‍ എസ്ഡിപിഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ്; കേരളത്തിലും ഇത് പരീക്ഷിച്ചെന്ന്

കോഴിക്കോട്: കര്‍ണാടകയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ എസ്ഡിപിഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ‘പ്രവാചകനെ അപമാനിച്ചു എന്ന് പറഞ്ഞ് കലാപമുണ്ടാക്കിയാല്‍ പ്രവാചകനെ അങ്ങേയറ്റം സ്‌നേഹിക്കുന്ന മുസ്‌ലിംകളെ വശത്താക്കാനാവുമെന്നാണ് എസ്ഡിപിഐ പ്രതീക്ഷിക്കുന്നത്. കേരളത്തിലും അവരിത് പരീക്ഷിച്ചിരുന്നു.

തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയത് അങ്ങിനെയായിരുന്നു. എന്നാല്‍ കേരളത്തിലെ മതസംഘടനകളൊറ്റക്കെട്ടായി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും കൈവെട്ട് സംഭവത്തെ തള്ളിപ്പറയുകയും ചെയ്തു. മാത്രവുമല്ല ഏതെങ്കിലും തരത്തില്‍ എസ്ഡിപിഐക്കോ അതിന്റെ വകഭേദങ്ങളായ എന്‍ഡിഎഫിനോ പോപ്പുലര്‍ ഫ്രണ്ടിനോ കേരളത്തില്‍ വേറുറപ്പിക്കാന്‍ മുസ്‌ലിം സമുദായം അനുവദിച്ചതുമില്ല’- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫിറോസിന്റെ കുറിപ്പ് വായിക്കാം

ബാംഗ്ലൂരില്‍ നിന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു. പ്രവാചകനെ അപമാനിക്കും വിധം ഫെയിസ് ബുക്കില്‍ പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും ശമനമുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. കലാപബാധിത പ്രദേശങ്ങളിലുള്ളവര്‍ ഇപ്പോഴും വല്ലാത്ത അരക്ഷിത ബോധത്തിലാണത്രേ ഓരോ ദിവസവും തള്ളി നീക്കുന്നത്. ആരാണ് ഇതിനുത്തരവാദി?

എസ്.ഡി.പി.ഐ എന്ന സംഘടനയാണ് ഈ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രവാചകനെ അപമാനിച്ചു എന്ന് പറഞ്ഞ് വികാരമുണ്ടാക്കി ജനക്കൂട്ടത്തെ മുഴുവന്‍ തെരുവിലിറക്കി മനപ്പൂര്‍വം കലാപമുണ്ടാക്കുകയായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധുവാണ് ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്ന കാരണത്താല്‍ എം.എല്‍.എ യുടെ വീട് കലാപകാരികള്‍ തകര്‍ത്ത് കളഞ്ഞു. ഡി. കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഇപ്പണി എസ്.ഡി.പി.ഐ ചെയ്യുന്നത്.

ജനങ്ങളെ മുഴുവന്‍ രണ്ട് കള്ളികളിലാക്കുന്ന ബി.ജെ.പിക്ക് ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പത്തിലായി. ഒട്ടുമിക്ക തെരഞ്ഞെടുപ്പിന് മുമ്പും തങ്ങള്‍ക്ക് ലാഭമോ നഷ്ടമോ ഉണ്ടാക്കിയ കലാപങ്ങള്‍ക്ക് ബിജെപി താല്‍പര്യം കാണിച്ചതിന് ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ആ വേവു പാത്രത്തിലേക്കുള്ള വിഭവമായാണ് എസ്.ഡി.പി.ഐ ഈ സമുദായത്തെ എടുത്തിട്ടു നല്‍കിയിരിക്കുന്നത്.

പ്രവാചകനെ അപമാനിച്ചു എന്ന് പറഞ്ഞ് കലാപമുണ്ടാക്കിയാല്‍ പ്രവാചകനെ അങ്ങേയറ്റം സ്‌നേഹിക്കുന്ന മുസ്ലിംകളെ വശത്താക്കാനാവുമെന്നാണ് എസ്ഡിപിഐ പ്രതീക്ഷിക്കുന്നത്. കേരളത്തിലും അവരിത് പരീക്ഷിച്ചിരുന്നു. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയത് അങ്ങിനെയായിരുന്നു. എന്നാല്‍ കേരളത്തിലെ മതസംഘടനകളൊറ്റക്കെട്ടായി മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും കൈവെട്ട് സംഭവത്തെ തള്ളിപ്പറയുകയും ചെയ്തു. മാത്രവുമല്ല ഏതെങ്കിലും തരത്തില്‍ എസ്.ഡി.പി.ഐക്കോ അതിന്റെ വകഭേദങ്ങളായ എന്‍.ഡി.എഫിനോ പോപ്പുലര്‍ ഫ്രണ്ടിനോ കേരളത്തില്‍ വേരുറപ്പിക്കാന്‍ മുസ്ലിം സമുദായം അനുവദിച്ചതുമില്ല.

ആ സംഘടനയിപ്പോള്‍ കര്‍ണാടകയിലെ മുസ്ലിംകളെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. കേരളത്തില്‍ പരാജയപ്പെട്ടത് അവിടെ വിജയിപ്പിക്കാനാവുമോ എന്നാണ് നോക്കുന്നത്. കര്‍ണാടകയിലെ മുസ്ലിം സഹോദരങ്ങളോട് പറയാനുള്ളത് ഈ കെണിയില്‍ വീണു പോകരുതെന്നാണ്. പ്രവാചകന്‍ ഒരു ഫെയിസ് ബുക്ക് പോസ്റ്റില്‍ തകര്‍ന്നു പോകുന്ന വ്യക്തിയല്ലെന്ന് ആദ്യം മനസ്സിലാക്കണം. പ്രവാചകനെ അധിക്ഷേപിച്ച വ്യക്തികളുടെ വീട്ടിലേക്ക് ഒരു കല്ലു പോലും പ്രവാചകന്റെ കാലത്ത് വീണിട്ടില്ല എന്ന ചരിത്രം ഉള്‍ക്കൊള്ളണം. പ്രവാചകനെ യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നത് പ്രവാചകനെതിരെ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരല്ല, പ്രവാചകന്റെ പേരില്‍ കൈവെട്ടുന്നവരും കലാപമുണ്ടാക്കുന്നവരുമാണെന്ന് തിരിച്ചറിയണം. എന്നിട്ട് ഈ കലാപകാരികളെ ഒറ്റപ്പെടുത്തണം. അത് മാത്രമാണ് നിങ്ങള്‍ക്ക് മുമ്പിലുള്ള പോംവഴി.