ന്യൂഡെൽഹി: രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ ഇടം നേടി വി ടി ബൽറാം. രാജ്യത്തെ മികച്ച സാമാജികരെ കണ്ടെത്താനുള്ള ഓൺലൈൻ സർവ്വേയിൽ കേരളത്തിൽ നിന്ന് ആകെ ഇടം നേടിയത് തൃത്താല നിയോജക മണ്ഡലം എംഎൽഎ വി ടി ബൽറാം മാത്രമാണ്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് എന്ന മാഗസിൻ നടത്തിയ ഓൺലൈൻ സർവ്വേയിലാണ് രാജ്യത്തെ മികച്ച അമ്പത് എംഎൽഎമാരുടെ പട്ടികയിൽ വി ടി ബൽറാമും ഇടം നേടിയത്.
50 വിഭാഗങ്ങളിലായാണ് എംഎൽഎമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ബാസിഗർ എന്ന വിഭാഗത്തിലാണ് വി ടി ബൽറാമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ജനപ്രീതി, പ്രവർത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടൽ, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാൽപര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ടിന്റെ ഉപയോഗം, നിയമ സഭയിലെ സാന്നിധ്യം ചർച്ച തുടങ്ങിയവയും സർവ്വേയിൽ വിലയിരുത്തി.
31 നിയമസഭകളിലായി 4123 സാമാജികന്മാരാണ് രാജ്യത്തുള്ളത്. എന്നാൽ വിവിധ കാരണങ്ങളാൽ 165 എംഎൽഎ സീറ്റുകൾ ഒഴിഞ്ഞുകിടപ്പാണ്. തൽപരകക്ഷികളിലൂടെ, ഓൺലൈൻ, ഡാറ്റ അനലിറ്റ്ക്സ് എന്നിങ്ങനെ മൂന്ന് രീതികളിലൂടെയാണ് സർവ്വേ നടന്നത്.
ഓൺലൈൻ സർവ്വെയിൽ തെരഞ്ഞെടുത്ത 1500 എംഎൽഎമാരിൽ നിന്ന് തത്പര കക്ഷികൾ തെരഞ്ഞെടുക്കപ്പെട്ട 150എംഎൽഎമാരാണ് അവസാന റൌണ്ടിലേക്ക് എത്തിയത്. ഇവരുടെ പ്രവർത്തനങ്ങൾ ഡാറ്റാ അനലിറ്റ്ക്സ് ഉപയോഗിച്ച് വിലയിരുത്തിയാണ് അവസാന അമ്പത് പേരെ തെരഞ്ഞെടുത്തത്. നിയമസഭകളിലെ പങ്കാളിത്തം, മണ്ഡലങ്ങളിലെ പ്രവർത്തനം, ചർച്ചകളിലെ പങ്കാളിത്തം ഇവ ഡാറ്റാ അനലിറ്റ്ക്സിലൂടെയും പരിശോധിച്ചു.