കേന്ദ്ര സർക്കാരിന് റിസർവ് ബാങ്ക് ലാഭവിഹിതമായി 57,128 കോടി രൂപ കൈമാറും

മുംബൈ: കേന്ദ്ര സർക്കാരിന് 2019-20 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി 57,128 കോടി രൂപ കൈമാറാൻ റിസർവ് ബാങ്ക് ബോർഡ് അംഗീകാരം നൽകി. ഇന്ന് നടന്ന ആർബിഐയുടെ കേന്ദ്ര ബോർഡിന്റെ 584-ാമത് യോഗത്തിലാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ഈ തീരുമാനം എടുത്തത്.

5.5 ശതമാനം ആകസ്മിക റിസ്ക് ബഫർ നിലനിർത്താനും തീരുമാനിച്ചതായി പ്രസ്താവനയിൽ റിസർവ് ബാങ്ക് അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന് റിസർവ് ബാങ്ക് സ്വീകരിച്ച ധന, നിയന്ത്രണ നടപടികൾ പരിശോധിക്കുന്നതിനൊപ്പം നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള -ആഭ്യന്തര വെല്ലുവിളികൾ എന്നിവയും യോ​ഗം അവലോകനം ചെയ്തു.

ഇന്നൊവേഷൻ ഹബ് സ്ഥാപിക്കാനുള്ള നിർദ്ദേശവും ബോർഡ് ചർച്ച ചെയ്തു. ആർബിഐ ഗവർണർ ശക്തികന്ത ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് കഴിഞ്ഞ വർഷത്തെ ബാങ്കിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും വാർഷിക റിപ്പോർട്ടിനും അക്കൗണ്ട് സ്റ്റേറ്റ്മെന്റിനും അംഗീകാരം നൽകുകയും ചെയ്തു.