കൊറോണകാലത്ത് മരിച്ചവരെ അനുസ്മരിച്ച് ചങ്ങനാശേരി അതിരൂപതയില്‍ വെള്ളിയാഴ്ച പ്രത്യേക കുര്‍ബാന

ചങ്ങനാശേരി: കൊറോണ കാലത്ത് മരിച്ചവരെ അനുസ്മരിച്ച് ചങ്ങനാശേരി അതിരൂപതയിൽ വെള്ളിയാഴ്ച പ്രത്യേക വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മാര്‍ച്ച് പതിനഞ്ചുമുതല്‍ നാളിതുവരെ മരിച്ച വൈദികരേയും സന്യസ്തരേയും അല്‍മായരേയും കുർബാനയിൽ അനുസ്മരിക്കും. വെള്ളിയാഴ്ച രാവിലെ 6.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഇതേ സമയം അതിരൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും.

കൊറോണ ബാധിതരായി മരിച്ചവര്‍, സഭാപരമായ മൃതസംസ്‌കാര ശുശ്രൂഷകള്‍ ലഭിക്കാത്തവര്‍, മരണമടഞ്ഞ പ്രിയപ്പെട്ടവരെ കാണുവാന്‍ സാധിക്കാത്തവര്‍, മാനസിക പിരിമുറുക്കം സഹാക്കാനാവാതെ മരണപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരേയും അന്നത്തെ കുര്‍ബാനയില്‍ പ്രത്യേകമായി ഓര്‍ക്കും. കൂടാത പ്രളയദുരിതങ്ങളില്‍നിന്നും രക്ഷനേടുന്നതിനും കൃഷിയിടങ്ങളുടെയും വിളവുകളുടെയും സംരക്ഷണത്തിനും മാർ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തയുടെ നവതി ദിനമായ അന്ന് അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയുള്ള നിയോഗങ്ങളും ഈ കുര്‍ബാനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതിരൂപതയുടെ യൂറ്റൂബ് ചാനലായ മാക്ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്ന കുര്‍ബാനയില്‍ പങ്കുചേര്‍ന്നും അതിന് സാധിക്കാത്തവര്‍ ആത്മീയമായി ഈ കുര്‍ബാനയില്‍ പങ്കെടുത്തും അതിരൂപതാകുടുംബം ഒരുമിച്ച് പ്രത്യേകനിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം നിർദേശിച്ചു.