സംവിധായകൻ എസ് എസ് രാജമൗലിയും കുടുംബവും കൊറോണ മുക്തരായി

മുംബൈ: സംവിധായകൻ എസ് എസ് രാജമൗലിയും കുടുംബവും കൊറോണ മുക്തരായി. കൊറോണ മുക്തമായ വിവരം തൻ്റെ ട്വിറ്റർ ഹാൻഡിലിലാണ് രാജമൗലി പങ്കുവച്ചത്. ജൂലായ് 29നാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ടത്. രോഗബാധിതരായി രണ്ട് ആഴ്ചകൾക്കു ശേഷമാണ് രാജമൗലിയുടെയും കുടുംബത്തിൻ്റെയും കൊറോണ ടെസ്റ്റ് നെഗറ്റീവായത്.

‘ രണ്ടാഴ്ചത്തെ ക്വാറൻ്റീൻ അവസാനിച്ചിരിക്കുന്നു. ലക്ഷണങ്ങളില്ല. ടെസ്റ്റ് ചെയ്തപ്പോൾ എല്ലാവർക്കും നെഗറ്റീവാണ്. പ്ലാസ്മ ദാനം ചെയ്യുന്നതിനു മതിയായ ആൻ്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടാൻ മൂന്നാഴ്ച കാത്തിരിക്കണമെന്ന് ഡോക്ടർ പറഞ്ഞു’- രാജമൗലി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ വ്യക്തമാക്കി. 2001ൽ സ്റ്റുഡൻ്റ് നമ്പർ വൺ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയിൽ എത്തുന്നത്.

മഗധീര (2009), ഈഗ (2012) എന്നീ സിനിമകൾ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പർ സംവിധായകനാക്കി. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ എന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമായി.