ബെംഗളൂരു: കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിൻ്റെ ഫേസ്ബുക്ക് കുറിപ്പ് മതവിദ്വേഷത്തിന് ഇടയാക്കിയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിൽ സ്ഥിതി ഗുരുതരമാകുന്നു. ബെംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജനക്കൂട്ടം എംഎൽഎയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായാണ് വിവരം.
ബെംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി സഹോദരിയുടെ മകൻ മതവിദ്വേഷം വളർത്തുന്ന വിവാദ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി. ഡിജെ ഹാലി, കെജി ഹാലി മേഖലകളിലെ അക്രമങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ അഡീഷണൽ പോലീസ് കമ്മീഷണർ ഉൾപ്പെടെ 60 പോലീസുകാർക്ക് പരിക്കേറ്റതായി ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു.
ഡിജി ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷനും എംഎൽഎയുടെ വീടും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ആക്രമികൾ കത്തിച്ചു. കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബൻസ്വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു.
അക്രമത്തിൽ ഏർപ്പെടരുതെന്ന് പ്രതിഷേധക്കാരോട് അഖണ്ഡ ശ്രീനിവാസ മൂർത്തി ഒരു വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. “യുദ്ധം ചെയ്യേണ്ട ആവശ്യമില്ല. ഞങ്ങൾ എല്ലാവരും സഹോദരങ്ങളാണ്. നിയമപ്രകാരം കുറ്റം ചെയ്ത വ്യക്തിയെ ശിക്ഷിക്കും. ഞങ്ങളും നിങ്ങളോടൊപ്പമുണ്ടാകും, ”അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അതേ സമയം ആരോപണ വിധേയനായ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇക്കാര്യത്തിൽ തനിക്ക് പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.