ജമ്മു കശ്മീരിൽ ഇന്റർനെറ്റ് 4 ജി പുനസ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഏറെ നാളത്തെ നിയന്ത്രണത്തിനൊടുവിൽ ജമ്മു കശ്മീരിൽ ഇന്റർനെറ്റ് 4 ജി സംവിധാനം പുനസ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 15 മുതൽ ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളിൽ മാത്രമായി ട്രയൽ രൂപത്തിൽ 4 ജി സംവിധാനം ഏർപ്പെടുത്തും. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം.

നിയന്ത്രണ രേഖക്ക് സമീപവും അന്താരാഷ്ട്ര അതിർത്തിക്കും സമീപമുള്ള പ്രദേശങ്ങളിൽ ഇൻറർനെറ്റ് സംവിധാനങ്ങൾ അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങൾ ആദ്യം എത്തിക്കുകയെന്നും കേന്ദ്രം അറിയിച്ചു. രണ്ടു മാസത്തോളം സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമായിരിക്കും മറ്റു നടപടികൾ കൈക്കൊള്ളുക.

ജമ്മു, കശ്മീര്‍ ഡിവിഷനുകളില്‍ ഓരോ ജില്ലകളില്‍ വീതം ട്രയല്‍ റണ്‍ നടത്തുമെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ നീക്കത്തോട് ജസ്റ്റിസുമാരായ ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ച് യോജിപ്പ് പ്രകടിപ്പിച്ചു.

ജമ്മുകശ്മീരിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഇവിടെ 4 ജി ഇൻറർനെറ്റ് സംവിധാനങ്ങൾ വിഛേധിച്ചത്. പ്രത്യേക പദവി എടുത്ത് കളഞ്ഞു ഒരു വർഷം ആയതിനു ശേഷമാണ് ഇൻറർനെറ്റ് സേവനങ്ങളിൽ ഇളവുകൾ കൊണ്ട് വരുന്നത് സംബന്ധിച്ച് ഉള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് വന്നത്.

ജമ്മു കശ്മീരിലെ 4 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കാനുള്ള സാധ്യത കേന്ദ്രം പരിശോധിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രത്തിനോട് സുപ്രീം കോടതി വിശദീകരണം തേടിയിട്ടുണ്ട്.