ന്യൂഡെൽഹി: ഐപിഎലിൻ്റെ 2020 സീസണിൽ ടൈറ്റിൽ സ്പോൺസറാവാൻ ബാബാ രാംദേവിൻ്റെ പതഞ്ജലി ഒരുങ്ങുന്നു. തങ്ങളുടെ ഉത്പന്നങ്ങൾ കയറ്റി അയക്കാൻ ശ്രമിക്കുന്ന കമ്പനിക്ക് ഐപിഎൽ പോലൊരു വേദി മികച്ച പ്ലാറ്റ്ഫോം ആകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ടൈറ്റിൽ സ്പോൺസർഷിപ്പിലേക്ക് ബിസിസിഐ ക്ഷണിച്ച ബിഡിൽ പതഞ്ജലിയും പങ്കെടുക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിവോ ഐപിഎൽ ടൈറ്റിൽ സ്പോൺസർ സ്ഥാനത്തു നിന്ന് പടിയിറങ്ങിയത്.
“ഒരു ഇന്ത്യൻ ബ്രാൻഡ് ആഗോള ബ്രാൻഡ് ആക്കാനുള്ള ശരിയായ അവസരമാണ് ഇത്. ഞങ്ങൾ ഇത് പരിഗണിക്കുകയാണ്. സ്വദേശി സംരംഭങ്ങൾക്കായി ആളുകൾ ശബ്ദമുയർത്തുന്ന സമയമാണ് ഇത്. ഞങ്ങൾ ഇത് പരിഗണിക്കുന്നുണ്ട്. ഇനിയും ഇതിൽ അവസാന തീരുമാനം കൈക്കൊള്ളാനുണ്ട്.”- പതഞ്ജലി വക്താവ് എസ്കെ ടിജർവാല പറഞ്ഞു.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊറോണണ വ്യാപനത്തെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.