തിരുവല്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിൽ; അടിയന്തിര സാഹചര്യം നേരിടാൻ ക്രമീകരണങ്ങൾ

പത്തനംതിട്ട: നദികളിൽ ജലനിരപ്പ് ഉയരുന്നതിനിടെ ജില്ലയുടെ ചില പടിഞ്ഞാറൻ ഭാഗങ്ങൾ വെള്ളത്തിലായി തുടങ്ങി. തിരുവല്ല – അമ്പലപ്പുഴ റോഡിൽ പലസ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കടപ്ര, നീരേറ്റുപുറം, വെള്ളക്കിണർ എന്നിവിടങ്ങളിൽ വെള്ളം റോഡിൽ വെള്ളം കയറി. അതേ സമയം തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ പ്രളയ സാധ്യത മുൻനിർത്തി കൊല്ലത്തു നിന്നും എത്തിച്ച മത്സ്യ തൊഴിലാളികളുടെ അഞ്ചു വള്ളങ്ങൾ വിവിധ പ്രദേശങ്ങളിൽ വിന്യസിപ്പിച്ചു.

അവശ്യഘട്ടത്തിൽ ആളുകളെ മാറ്റി പാർപ്പിക്കാനും, ആവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനുമായി പത്ത് ടോറസ്, മൂന്ന് ടിപ്പറുകൾ, രണ്ടു ബസുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

നിരണം പനച്ചമൂട് ജംഗ്ഷൻ, കടപ്ര മൂന്നാംകുരിശ്, നെടുമ്പ്രം എഎൻസി ജംഗ്ഷൻ, കുറ്റൂർ തോണ്ടറ പാലം, പെരിങ്ങര കൃഷി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് വള്ളങ്ങൾ വിന്യസിച്ചിട്ടുള്ളത്.

പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തിരുവല്ലയിൽ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം യോഗം ചേർന്നു. അഡ്വ. മാത്യു ടി തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷത വഹിച്ചു.