പത്തനംതിട്ട: പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായി പെയ്യുന്നതിനാൽ പമ്പ ഡാം തുറക്കേണ്ടി വരുമെന്നാണ് സൂചന. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്.ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് 983.50 മീറ്ററിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാലാണ്. രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുക.
ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതുവഴി 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലത്തേതിനു സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തിരുവല്ല നെടുമ്പ്രത്ത് അതിശക്തമായി വെള്ളം കയറുന്നുണ്ട്. ഗതാഗത തടസം വലിയ രീതിയില്‍ ഇവിടെ അനുഭവപ്പെടുന്നുണ്ട്. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഗതാഗതം മുടങ്ങിയേക്കും. പമ്പ ഡാം തുറക്കുന്നതിനെ ആശ്രയിച്ചായിരിക്കും ജലനിരപ്പ് കടുതലായി ഉയരുക.
അതേസമയം ജില്ലയിലെ
റാന്നി, ആറന്മുള, തിരുവല്ല, തിരുമൂലപുരം, നെടുമ്പ്രം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ വെള്ളം കയറി. വിവിധയിടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
മല്ലപ്പുഴശേരി പഞ്ചായത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആറന്മുള ഗവ. വിഎച്ച്എസ്എസില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സഹായത്തോടെ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.
തിരുവല്ല സെന്റ് തോമസ് എച്ച്എസ്എസിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ 201 പേര്‍ ഇതിനോടകം തന്നെ താമസിക്കുന്നുണ്ട്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.