പെട്ടിമുടി ദുരന്തം; 16 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരിച്ചവർ 42 ആയി

മൂന്നാർ: മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച 16 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ശനിയാഴ്ച 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. 28 പേ​രെ കൂ​ടി ഇ​നി ക​ണ്ടെ​ത്താ​നു​ണ്ടെന്നാണ് വിവരം. ആറ് വനംവകുപ്പ് ജീവനക്കാരാണ് അപകടത്തിൽപ്പെട്ടതെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു. ഇതിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും മന്ത്രി പറഞ്ഞു

ഡോ​ഗ് സ്‌​ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ല​വി​ൽ തെരച്ചിൽ ന​ട​ത്തു​ന്ന​ത്. ഉരുൾപൊട്ടലിൽ പെ​ട്ടി​മു​ടി​പ്പു​ഴ​യി​ൽ ചിലർ ഒ​ഴു​കി​പ്പോ​യതായും സം​ശ​യ​മു​ണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഉ​രു​ൾ​പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാണ്. പ്ര​ദേ​ശ​ത്ത് കൂ​റ്റ​ൻ പാ​റ​ക​ൾ വ​ന്ന​ടി​ഞ്ഞി​രി​ക്കു​ന്നതും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് മൃതശരീരങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നത്.

മൂന്നുദിവസം കൂടി തിരച്ചിൽ നടത്തുമെന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

മൂന്ന് ഏക്കര്‍ പ്രദേശത്താണ് കല്ലും മണ്ണും നിറഞ്ഞത്. ഇതില്‍ അവസാനഭാഗത്തായിരുന്നു പെട്ടിമുടി ലയങ്ങള്‍. മണ്ണുമാന്തി യന്ത്രങ്ങള്‍ക്കു സഞ്ചരിക്കാന്‍ ചതുപ്പുപ്രദേശങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ടു വഴിയൊരുക്കി. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായത്തോടെ ലയങ്ങളുടെ സ്ഥാനം കണക്കാക്കി.

വ്യാഴാഴ്ച രാത്രി 11.30 ഓടെ ഉരുള്‍പൊട്ടലുണ്ടാവുകയും, തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ലയങ്ങള്‍ പൂര്‍ണമായും ഒലിച്ചു പോവുകയുമായിരുന്നു. നാല് ലയങ്ങളിലായി കഴിഞ്ഞിരുന്ന 83 പേരാണ് അപകടത്തില്‍പ്പെട്ടത്. മഴയും മൂടല്‍മഞ്ഞും തെരച്ചില്‍ ദുഷ്‌കരമാക്കുന്നു. ഒരു കുടുംബത്തിലെ 31 പേരെ കാണാതായിട്ടുണ്ട്. മൂന്നാറില്‍ നിന്ന് 30 കിമീ അകലെ മലമുകളിലാണ് പെട്ടിമുടി. തോട്ടം മേഖലയിലെ ഉള്‍പ്രദേശമായതിനാല്‍ ഗതാഗത സംവിധാനം ഇല്ലാത്തത് തെരച്ചിലിനെ കാര്യമായി ബാധിച്ചിരുന്നു.