ന്യൂഡെല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ വിവാദ പ്രതികരണവുമായി ഓള്‍ ഇന്ത്യാ ഇമാം അസോസിയേഷന്‍ പ്രസിഡന്റ് സാജിദ് റാഷിദി രംഗത്ത്. അമ്പലം തകര്‍ത്ത് പള്ളി പുനര്‍നിര്‍മ്മിക്കുമെന്ന് സാജിദ് റാഷിദി പറഞ്ഞു.
ഒരുപള്ളി എപ്പോഴും പള്ളി തന്നെയായിരിക്കും. അത് തകര്‍ത്ത് മറ്റെന്തെങ്കിലും നിര്‍മ്മിക്കാനാവുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അതുകൊണ്ട് ഞങ്ങളുടെ വിശ്വാസത്തില്‍ അത് പള്ളി തന്നെയാണ്. ഒരു ക്ഷേത്രവും തകര്‍ത്തല്ല പള്ളി പണിതത്. അതുകൊണ്ടുതന്നെ അമ്പലം തകര്‍ത്ത് യഥാസ്ഥാനത്ത് പള്ളി പണിയുമെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മം നടത്തിയത്. ശ്രീരാമന്റെ ജന്മസമയമെന്നു വിശ്വസിക്കുന്ന 12:44.08 മുഹൂര്‍ത്തത്തിലാണ് 22.06 കിലോ തൂക്കമുളള വെള്ളി പൊതിഞ്ഞ ആധാര ശിലയുടെ പൂജ നടത്തിയത്.
യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് എന്നിവരും അയോധ്യ രാജ കുടുംബാംഗവും ക്ഷേത്ര ട്രസ്റ്റ് അംഗവുമായ വിമലേന്ദു മോഹന്‍ പ്രതാപ് മിശ്രയും പത്‌നിയും പുരോഹിതരും ഭൂമി പൂജയില്‍ പങ്കെടുത്തു.