അയോധ്യയിൽ ഭൂമിപൂജ ഇന്ന്; വെള്ളിശില സ്ഥാപിച്ച് നരേന്ദ്രമോദി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടും

ഫൈസാബാദ്: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന്. പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും. പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയെത്തും. 32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിടും. പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക. 175 പേര്‍ ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്. പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമാകുമ്പോള്‍ ബിജെപി ലക്ഷ്യം വയ്ക്കുന്നത് സമ്പൂർണ്ണ മേധാവിത്വമാണ്. അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലുൾപ്പടെ അയോധ്യയുടെ സ്വാധീനം ദൃശ്യമാകുമെന്ന് പാർട്ടി കരുതുന്നു. ബിജെപിയുടെ രാഷ്ട്രീയ നീക്കം പ്രതിരോധിക്കുന്നതിൽ ആശയക്കുഴപ്പം പ്രതിപക്ഷനിരയിൽ ദൃശ്യമാണ്.