ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറുക ഈ സീസണിൽ മാത്രം

മുംബൈ: ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറുക ഈ സീസണിൽ മാത്രം. ചൈനയുമായി തുടരുന്ന അതിർത്തി തർക്കങ്ങൾ കത്തി നിൽക്കുന്ന സമയമായതു കൊണ്ട് തന്നെ ഈ സീസണിൽ വിവോ ഐപിഎൽ സ്പോൺസർ ചെയ്താൽ ആരാധക രോഷം ഉണ്ടാവുമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി വിവോയെ മാറ്റി നിർത്താൻ ബിസിസിഐ തീരുമാനിച്ചത്.

2021ൽ വിവോ തിരികെയെത്തും. 2023 വരെ തുടരും. അതുകൊണ്ട് തന്നെ ഈ സീസണിലേക്ക് മാത്രമായി ബിസിസിഐ ഒരു സ്പോൺസറെ തിരയുകയാണ്. 2022 വരെയാണ് വിവോയുമായുള്ള ഐപിഎല്ലിൻ്റെ കരാർ. ഇക്കാലയളവിൽ 2199 കോടി രൂപ സ്പോൺസർഷിപ്പ് വരുമാനമായി ബിസിസിഐക്ക് ലഭിക്കും. മറ്റ് രണ്ട് കമ്പനികളുമായും ബിസിസിഐയ്ക്ക് ആയിരം കോടിയിലേറെ രൂപയുടെ കരാറാണുള്ളത്.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്.

മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. ഗാൽവൻ താഴ്‌വരയിൽ സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ചൈനീസ് ആപ്പുകളും ഉപകരണങ്ങളും ബഹിഷ്കരിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചത്. ഇതിനു പിന്നാലെ ഇന്ത്യ ടിക്ക്‌ടോക്ക് ഉൾപ്പെടെ 106 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചു.