വാഷിംഗ്ടൺ: ടിക് ടോക്കിൻ്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഏറ്റെടുക്കുന്നതിനെ എതിർക്കില്ലെന്നും എന്നാൽ വിൽപ്പനയില്ലെങ്കിൽ സെപ്റ്റംബർ 15 ന് ശേഷം അമേരിക്കയിൽ ടിക് ടോക്കിൻ്റെ സേവനം നിരോധിക്കുമെന്നും പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്.
ചൈനീസ് ഉടമസ്ഥതയിലുള്ള വീഡിയോ ആപ്പിന്റെ യുഎസ് പ്രവർത്തനങ്ങൾ നിരോധിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞതിന് ശേഷമാണ് ഈ പരാമർശം. ജനപ്രിയ ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് മൈക്രോസോഫ്റ്റിന് വിൽക്കാൻ ചർച്ച നടത്താൻ ചൈനയുടെ ബൈറ്റ്ഡാൻസ് 45 ദിവസം അനുവദിക്കുമെന്ന റോയിട്ടേഴ്സ് റിപ്പോർട്ട് സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ അഭിപ്രായം.
ടിക് ടോക്ക് ഇടപാടിൽ നിന്ന് അമേരിക്കൻ ഖജനാവിന് ധാരാളം പണം ലഭിക്കേണ്ടതുണ്ടെന്നും എന്നാൽ അത് എങ്ങനെ സംഭവിക്കുമെന്ന് വ്യക്തമല്ലെന്നും ട്രംപ് പറഞ്ഞു. സിഇഒ സത്യ നാഡെല്ല ട്രംപുമായി സംസാരിച്ചുവെന്നും അമേരിക്കയിൽ ടിക് ടോക്ക് വാങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരാൻ തയ്യാറാണെന്നും മൈക്രോസോഫ്റ്റ് അഭിപ്രായപ്പെട്ടു.
റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി ഉൾപ്പെടെ നിരവധി പ്രമുഖർ ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കി രംഗത്തെത്തിയിട്ടുണ്ട്.
100 ദശലക്ഷം അമേരിക്കൻ ഉപയോക്താക്കളുള്ള ടിക് ടോക്കിനെ ട്രംപ് നിരോധിച്ചാൽ പാർട്ടിക്കെതിരെ യുവ വോട്ടർമാർ തിരിച്ചടിക്കുമെന്ന് അമേരിക്കൻ കോൺഗ്രസിലെ ട്രംപ് സഹായികൾക്ക് സന്ദേഹമുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ ടിക്ക് ടോക്ക് സേവനം വാങ്ങുന്നതിനുള്ള പ്രാഥമിക നിർദ്ദേശമടങ്ങുന്ന റിപ്പോർട്ട് മൈക്രോസോഫ്റ്റും ടിക്ക് ടോക്ക് ബൈറ്റ്ഡാൻസും യുഎസ് സർക്കാരിന് നൽകിയിട്ടുണ്ട്. അതേ സമയം ടിക്ടോക്ക് മൈക്രോസോഫ്റ്റ് വാങ്ങി ആഭ്യന്തര സുരക്ഷിതത്വവും ഉപയോക്താക്കളുടെ താൽപര്യവും സംരക്ഷിക്കണമെന്ന ആവശ്യം വിവിധ പാർട്ടികൾ ഉന്നയിച്ചിട്ടുണ്ട്.