കണ്ണൂർ: കൊറോണയും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് 11 ദിവസത്തെ ചികിത്സയ്ക്കുശേഷം ഒന്നരവയസ്സുകാരി സന്തോഷത്തോടെ തിരികെ വീട്ടിലെത്തി. പാമ്പുകടിയേറ്റ കൈവിരൽ സാധാരണനിലയിലാവുകയും കൊറോണ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തതോടെ ഇന്നലെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലായിരുന്നു ചികിത്സ.
ജൂലായ് 21-ന് അർധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ബിഹാറിൽ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂരിലുള്ള വീട്ടിൽ ക്വാറന്റീനിലായിരുന്നു. സിപിഎം നേതാവും പൊതുപ്രവർത്തകനുമായ ജിനിൽ മാത്യു ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു.