ട്രഷറി തട്ടിപ്പ്; ബിജുലാലിനെ പിരിച്ചുവിടും; ജീവനക്കാരെ സ്ഥലം മാറ്റി; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസിലെ പ്രതി സീനിയർ അക്കൗണ്ടൻ്റ് ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. വിശദീകരണ നോട്ടീസ് പോലുമില്ലാതെ പിരിച്ചുവിടാനാണ് തീരുമാനം.നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇക്കാര്യത്തിൽ ഉടൻ ഉത്തരവിറങ്ങും.തട്ടിപ്പു കണ്ടുപിടിച്ച എസ്ടിഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂര്‍ ട്രഷറിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സ്ഥലം മാറ്റുന്നതിനും തീരുമാനമായി.

ഫിനാന്‍സ് സെക്രട്ടറി ആര്‍കെ സിംഗും എന്‍ഐസി ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണ് ബിജുലാല്‍ ചെയ്തിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയയാളെ സര്‍വീസില്‍ നിലനിർത്തേണ്ടെന്നാണ് തീരുമാനം. തട്ടിപ്പില്‍ വഞ്ചിയൂര്‍ ട്രഷറിയിലെ മറ്റാര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ട്രഷറിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങള്‍ നല്‍കുന്നതിന് ബാധ്യസ്ഥരായിരിക്കും.

ധനവകുപ്പിന്റെ മൂന്നു പേരും എന്‍ഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കും.

വീണ്ടും ട്രഷറി സോഫ്ടുവെയർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കുന്നതാണ്. ഇതിനു പുറമേ ഫംങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻഐസിയുടെയും ട്രഷറി ഐറ്റി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നൽകും. സമാനമായ സംഭവങ്ങൾ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.