കുറുപ്പംപടി : അശമന്നൂര്‍ പഞ്ചായത്ത് ഓഫീസിലെ അസിസ്റ്റന്റ് സെകട്ടറിയായിരുന്ന എന്‍. ജാസ്മിന്‍ അഹമ്മദിനെ അന്വേഷണ വിധേയമായി അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സലിം സസ്‌പെന്‍ന്റ് ചെയ്തു.
2019-20 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാന്ത്വനം ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാതം ഭക്ഷണം വിതരണം ചെയ്യുന്നതിലേക്ക് വേണ്ടി അനുവദിച്ച 1,29,600 രൂപ ക്രമവിരുദ്ധമായി ഒരാളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും അതില്‍ നിന്ന് 52,200 രൂപ കണക്കില്ലാതെ തിരിമറി നടത്തുകയും സ്വന്തമാക്കുകയും ചെയ്ത് വന്‍ ക്രമക്കേട് നടത്തിയതിന്റെ പേരിലാണ് നടപടി.
2019-20വര്‍ഷത്തെ വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,50,500രൂപ മുടക്കി 60 വയസ്സ് കഴിഞ്ഞ വൃദ്ധരായ എസ് സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി കട്ടിലുകള്‍ നല്‍കുന്ന പദ്ധതി പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു. ആ പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയായിരുന്ന ജാസ്മിന്‍ അഹമ്മദ് എല്ലാ എസ് സി ഗുണഭോക്താക്കളില്‍ നിന്നും 250രൂപ വീതം കൈപ്പറ്റിയതായി ഒരു ഗ്രാമ പഞ്ചായത്ത് അംഗം നല്‍കിയ പരാതി അന്വേഷിക്കുകയും അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ പഞ്ചായത്ത് ഇന്‍ചാര്‍ജ്ജ് സെക്രട്ടറിയായിരുന്ന കാലയളവില്‍ പഞ്ചായത്ത് ഭരണ സമിതി അറിയാതെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് രണ്ട് ദിവസത്തെ കൂലി മാസ്റ്റര്‍ റോള്‍ ഒപ്പിട്ട് നല്‍കാമെന്നും ഈ തുക ശുചിത്വ മിഷനില്‍ നിന്ന് ലഭ്യമാക്കാമെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയാതെ ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് തൊഴിലാളികള്‍ക്ക് വേതനം ലഭ്യമാകാത്തതിനാല്‍ ഈ വര്‍ഷത്തെ മഴക്കാല ശുചീകരണത്തിന് ഇറങ്ങില്ലാ എന്ന നിലപാട് തൊഴിലാളികള്‍ സ്വീകരിച്ചത് പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയെ സാരമായി ബാധിച്ചതായും പ്രസിഡന്റ് അറിയിച്ചു.
സമൂഹത്തില്‍ പ്രത്യേക പരിഗണന നല്‍കേണ്ട ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് നല്‍കുന്ന പ്രഭാത ഭക്ഷണ വിതരണം ക്രമവിരുദ്ധമായ നടപടികളിലൂടെ നടത്തി സാമ്പത്തീക നേട്ടം കൈവരിച്ചതിനും എസ് സി വിഭാഗത്തില്‍പ്പെട്ട വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം നടത്തിയതിലൂടെ അനര്‍ഹമായ സാമ്പത്തീക നേട്ടം കൈവരിച്ചതിനും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയെ കളങ്കപ്പെടുത്തിയതിനാലും ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സാമ്പത്തീക ക്രമക്കേടുകളുടെ പേരിലും മറ്റും ഇവര്‍ക്കെതിരെ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വെങ്ങോല,രായമംഗലം പഞ്ചായത്തുകളിലും ഇവര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നതായാണ് വിവരങ്ങള്‍.