തിരുവനന്തപുരം: ജില്ലാ കളക്ടറുടെ പേരിലുള്ള ട്രഷറി അക്കൌണ്ടിൽ നിന്നും നിന്നും രണ്ട് കോടി രൂപ അനധികൃതമായി പിൻവലിച്ച് തന്റെയും ഭാര്യയുടെയും അക്കൌണ്ടുകളിലേയ്ക്ക് മാറ്റിയ വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ എം ആറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ധനകാര്യ വകുപ്പ് അറിയിച്ചു. ഇതെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ധനവകുപ്പിലെ വിജിലൻസ് ഓഫീസറും ജോയിന്റ് ഡയറക്ടറുമായ സാജനെ ചുമതലപ്പെടുത്തി.
ബിജുലാലിലിന്റെയും ഭാര്യയുടെയും ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തുക കൈമാറിയ എല്ലാ അക്കൗണ്ടുകളുടെയും ഇടപാടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ ക്രമക്കേടിൽ ട്രഷറിയിൽ നിന്നും ആകെ നഷ്ട്ടപെട്ടത് 61.23 ലക്ഷം രൂപയാണ്. ബാക്കി തുക പ്രസ്തുത ജീവനക്കാരന്റെ ട്രഷറി അക്കൗണ്ടിൽ ശേഷിക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടക്കുകയാണ്. അടിയന്തിരമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു സർക്കാരിനുണ്ടായ നഷ്ട്ടം ഇവരിൽ നിന്നും ഈടാക്കുന്നതുമാണ്. ജില്ലാ കളക്ടറുടെ പേരിലുള്ള STSB അകൗണ്ട് നമ്പർ 7010314000000005 ൽ നിന്നും അനധികൃത ഇടപാടുകൾ നടന്നതായി വഞ്ചിയൂർ സബ് ട്രഷറി ഓഫീസറുടെ ശ്രദ്ധയിൽപ്പെടുകയും അത് ജില്ലാ ട്രഷറി ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ട്രഷറി ഓഫീസർ നടത്തിയ പ്രാഥമിക പരിശോധനയിലും ബാങ്കുകളുമായി ബന്ധപെട്ടു നടത്തിയ വിശകലനത്തിലും ക്രമക്കേട് നടന്നുവെന്ന് ബോധ്യമായതിനെത്തുടർന്നാണ് ട്രഷറി ഡയറക്ടർക്ക് വിവരം റിപ്പോർട്ട് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് മാസം വഞ്ചിയൂരിലെ ഓഫീസിൽ നിന്ന് വിരമിച്ച വി ഭാസ്കർ എന്ന സബ് ട്രഷറി ഓഫീസറുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഈ ക്രമക്കേട് നടത്തിയത്. മെയ് മാസത്തിൽ സർവീസിൽ നിന്ന് പിരിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യാത്തതിന്റെ കാരണവും പരിശോധിക്കും. വിരമിച്ചവരുടെ യൂസർ നെയിമും പാസ് വേഡും യഥാസമയം ഡീ ആക്ടിവേറ്റ് ചെയ്യാത്ത സമാന സംഭവങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുമെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.