ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ നേപ്പാൾ ഭൂപടം; പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നേപ്പാള്‍ മന്ത്രി

കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പ് ഇന്ത്യയ്ക്കും ഐക്യരാഷ്ട്ര സംഘടനയ്ക്കും ഗൂഗിളിനും അയയ്ക്കുമെന്ന് നേപ്പാള്‍ മന്ത്രി പദ്മ ആര്യാല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭൂപടം പുറത്തിറക്കിയതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് നേപ്പാള്‍ നിലപാട്.

പുതുക്കിയ ഭൂപടത്തിന്റെ 25,0000 കോപ്പികള്‍ നേപ്പാള്‍ പ്രിന്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വിതരണം ചെയ്യും. ടിബറ്റിലേക്കുള്ള കൈലാസ് മാനസ സരോവര്‍ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാള്‍ തര്‍ക്കവുമായി രംഗത്ത് വന്നത്.

ഇന്ത്യയും നേപ്പാളും തമ്മില്‍ 118 കിലേമീറ്റര്‍ ദൈര്‍ഘ്യമുള്ള തുറന്ന അതിര്‍ത്തിയാണ് ഉള്ളത്. ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ല്‍ അന്നത്തെ നേപ്പാള്‍ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മില്‍ ഒപ്പുവെച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം.

സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രദേശങ്ങളില്‍ സ്ഥിരമായ സേനാവിന്യാസം ഇന്ത്യ നടത്തിയത് 1962 ലെ ചൈനയുമായുള്ള യുദ്ധത്തോടെയാണ്. അന്നുമുതല്‍ ഈ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്.

കാലാപാനി പ്രദേശത്തുകൂടിയൊഴുകുന്ന മഹാകാളി നദിയാണ് തര്‍ക്കത്തിന്റെ മൂലകാരണം. കാളിനദിയുടെ കിഴക്കന്‍ തീരത്താണ് കാലാപാനി. മഹാകാളിയുടെ എണ്ണമറ്റ കൈവഴികള്‍ ഒന്നുചേരുന്നത് കാലാപാനിയിലാണ്. കൈവഴികളൊന്നിച്ചു ചേര്‍ന്ന് മഹാകാളി നദിരൂപംകൊള്ളുന്നത് കാലാപാനിയുടെ കിഴക്കുഭാഗത്താണ്. എന്നാല്‍, ഈ കൈവഴികളുടെ ഭൂരിഭാഗത്തിന്റെയും ഉറവിടം നേപ്പാളിലെ ലിപു ലേഖ് ചുരമാണെന്നും അതുകൊണ്ട് പ്രദേശവും നദിയും തങ്ങളുടേതാണെന്നുമാണ് നേപ്പാള്‍ അവകാശപ്പെടുന്നത്.