കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കൊറോണ പോസിറ്റീവ്


ബംഗലുരു: കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചെന്നും സുഖമായിരുന്നിട്ടും മുൻകരുതൽ നടപടിയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യെഡിയൂരപ്പ ട്വിറ്ററിൽ അറിയിച്ചു.അടുത്തിടെ ബന്ധപ്പെട്ടിരുന്ന എല്ലാവരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ യെഡിയൂരപ്പ അഭ്യർത്ഥിച്ചു.

“പരിശോധനയിൽ ഞാൻ കൊറോണ വൈറസ് പോസിറ്റീവാണ്. ഞാൻ സുഖമായിരിക്കുമ്പോൾത്തന്നെ, ഡോക്ടർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മുൻകരുതലായി എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ എന്നെ ബന്ധപ്പെട്ടിട്ടുള്ളവരോട് ക്വാറൻ്റീനിൽ പോകാനും സ്വയം നിരീക്ഷണത്തിൽ കഴിയാനും അഭ്യർത്ഥിക്കുന്നു,” കർണാടക സി.എം. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

അതേ സമയം ഞായറാഴ്ച കർണാടകത്തിൽ 5532 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 84 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി. 2496 പേരാണ് സംസ്ഥാനത്ത് ആകെ കൊറോണ ബാധിച്ച് മരിച്ചത്. 57,725 പേർ ഇതുവരെ രോഗമുക്തി നേടി. 74,590 പേരാണ് നിലവിൽ ചികിൽസയിലുള്ളത്

ഞായറാഴ്ച വൈകുന്നേരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഏറെ വൈകാതെ തമിഴ്നാട് ഗവർണർ ബൻവരിലാൽ പുരോഹിതിന് വൈറസ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് വന്നു. ഇതിൻ്റെ പിന്നാലെ ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗിനും രോഗബാധ സ്ഥിരീകരിച്ചു.