തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്ന് പാക്കറ്റുകൾ സി ആപ്റ്റിൽ എത്തിക്കാൻ സഹായിച്ച ഡയറക്ടർക്ക് യോഗ്യതകളിൽ ഇളവ് വരുത്തി പ്രിൻസിപ്പലായും എൽബിഎസ് ഡയറക്ടറായും പ്രത്യുപകാരം നൽകി ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിൻ്റെ വക നിയമനം. വഴിവിട്ട നിയമനങ്ങളിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം അഴിമതിയുടെ കൂത്തരങ്ങാക്കിയ മന്ത്രി കെടി ജലീലിൻ്റെ പുതിയ എൽബിഎസ് ഡയറക്ടർ നിയമനം കുടുക്കാകുമെന്നാണ് സൂചന. സ്വർണ്ണക്കടത്ത് അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ സംശയങ്ങൾക്ക് ഇട നൽകി ചട്ടങ്ങൾ മറികടന്ന് നടത്തിയ നിയമനം പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
2007 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എംടെക്ക് സപ്പ്ളിമെന്ററി പരീക്ഷാ എഴുതി ജയിച്ച ഡോ.എം അബ്ദുൽ റഹ്മാനെ എൽബിഎസ് ഡയറക്ടറായി നിയമിച്ചപ്പോൾ നിലവിലെ ചട്ടങ്ങൾ കാറ്റിൽ പറത്തി. യുജിസി മാനദണ്ഡപ്രകാരമല്ലാത്ത ചെന്നൈയിലെ കർപ്പക യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്ത അബ്ദുൽ റഹ്മാൻ്റെ ഇപ്പോഴത്തെ നിയമനം തന്നെ എഐസിടിഇ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യുഎഇ കോൺസുലേറ്റിന്റെ പേരിൽ ദുരൂഹ സാഹചര്യത്തിൽ വന്ന 28 പാക്കറ്റുകൾ, വിമാനത്താവളത്തിൽനിന്ന് കോൺസുലേറ്റ് വാഹനങ്ങളിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് പ്രവർത്തിക്കുന്ന സി ആപ്റ്റിൽ എത്തിച്ചിരുന്നു.ഇതിനു പിന്നിൽ മന്ത്രി കെടി ജലീലിന്റെ ആസൂത്രണമാണെന്ന് ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സി ആപ്റ്റ് ഡയറക്ടായിരുന്ന അബ്ദുൽ റഹ്മാനെ തിരക്കിട്ട് എൽബിഎസ് ഡയറക്ടറായി നിയമിച്ചത്.
കഴിഞ്ഞ ദിവസം കസ്റ്റംസ് അധികൃതർ സി ആപ്റ്റിൽ എത്തി ബന്ധപ്പെട്ട അധികൃതരിൽ നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. മന്ത്രി കെടി ജലീലിന്റെ കീഴിലുള്ള വകുപ്പാണ് സി ആപ്റ്റ്. വിവിധ പരീക്ഷകൾക്കുള്ള ചോദ്യകടലാസുകൾ ഉൾപ്പെടെ സർക്കാരിൻ്റെ രഹസ്യ സ്വഭാവമുള്ള പല അച്ചടി ജോലികളും ഇവിടെയാണ് ചെയ്യുന്നത്. വിമാനത്താവളത്തിൽനിന്ന് രണ്ടു വാഹനങ്ങളിൽ സി ആപ്റ്റിൽ നേരിട്ട് കൊണ്ടുവന്ന പാക്കറ്റുകളിൽ ഒന്നിൽ ഖുറാന്റെ കോപ്പികളും
നിരവധി ലഘുലേഖകളും ഉണ്ടായിരുന്നതായും മറ്റു പാക്കറ്റുകൾ ഭദ്രമായി ഡയറക്ടറുടെ നിർദേശപ്രകാരം സി ആപ്റ്റിന്റെ അടച്ച വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയതായും ജീവനക്കാർ പറയുന്നു.
രഹസ്യ രേഖകൾ അച്ചടിക്കുന്ന സിആപ്റ്റിൽ ഇത്തരത്തിൽ പാക്കറ്റുകൾ പുറമെനിന്നും കൊണ്ടുവരുന്നതും അവിടുത്തെ വാഹനത്തിൽ പുറത്തു കൊണ്ടു പോകുന്നതും ആദ്യമായാണത്രേ. മന്ത്രി ജലീൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, യുഎഇ കോൺസുലേറ്റ് നേരത്തെ നല്കിയ കിറ്റിനു പുറമേ കുറച്ചു ഖുർആനും തന്നിരുന്നുവെന്നും താൻ കൈപറ്റിയിട്ടില്ലെന്നും, ഖുർആൻ എടപ്പാളിലും ആലത്തൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളെ, കോൺസുലേറ്റ് തന്നെ നേരിട്ട് ഏൽപ്പിച്ചതാണെന്നുള്ള മന്ത്രിയുടെ അവകാശമാണ് ഇതോടെ സംശയത്തിൻ്റെ നിഴലിലാക്കുന്നത്.
ഖുറാന്റെ മലയാളം പതിപ്പ് കേരളത്തിൽ സുലഭമായുള്ളപ്പോൾ 28 പാക്കറ്റുകൾ വിദേശത്തു നിന്ന് വിമാനകൂലി മുടക്കി എന്തിനു കൊണ്ടുവന്നുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
സിആപ്റ്റിലെത്തിയ പാക്കറ്റുകൾ എത്തേണ്ടിടത്ത് എത്തിച്ച വിവരം പുറത്തു പറയാതിരിക്കാനാണ് തിരക്കിട്ട് അബ്ദുൾ റഹ്മാൻ്റെ നിയമനമെന്ന് ആരോപണമുണ്ട്. ശരവേഗത്തിലായിരുന്നു അബ്ദുൾ റഹ്മാൻ്റെ നിയമനം. സിപിഎം സംഘടനകൾക്കു കൂടി അനഭിമതനായ ഇയാളെ തിടുക്കത്തിൽ എൽബിഎസ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലാക്കി.ഒരു ദിവസത്തിനുള്ളിൽ എൽബിഎസ് ഡയറക്ടറായും നിയമനം നൽകുകയായിരുന്നു.
സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽമാർ, സീനിയർ പ്രൊഫസർമാർ എന്നിവരിൽ നിന്ന് നിയമനം നടത്തണമെന്ന നിലവിലെ ചട്ടം മറികടന്നാണ് മന്ത്രി ജലീലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രിൻസിപ്പലായും തുടർന്ന് എൽബിഎസ് ഡയറക്ടറായും അബ്ദുൾ റഹ്മാന് നിയമനം നൽകിയിരിക്കുന്നത്.
യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 2014ൽ മുസ്ലിംലീഗിനെ സ്വാധീനിച്ച് അബ്ദുൾ റഹ്മാൻ കേരളാ ടെക്നിക്കൽ യൂണിവേഴ്സിറ്റി ( കെടിയു ) പ്രൊ -വൈസ് ചാൻസിലർ സ്ഥാനത്ത് എത്തിയത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. സിപിഎം സംഘടനകളുടെ പരാതിയെ തുടർന്ന് കെടിയു പ്രൊ വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് പുറത്താക്കിയ ഡോ.അബ്ദുൽ റഹ്മാൻ മാതൃസ്ഥാപനമായ എൽബിഎസ് കോളേജിൽ അധ്യാപകനായി വീണ്ടും തിരികെയെത്തിയിരുന്നു. ചെയ്യുകയായിരുന്നു. യു ഡി എഫ് സർക്കാർ പിവിസി യായി നിയമിച്ചിരുന്ന ഇദ്ദേഹത്തെ പെട്ടെന്ന് മന്ത്രി നേരിട്ട് സി ആപ്റ്റിൻ്റെ ഡയറക്ടറായി നിയമിച്ചതിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നാണ് ആരോപണം.