കൊച്ചി: ചരിത്രത്തില്‍ ആദ്യമായി നാല്‍പ്പതിനായിരം തൊട്ട സ്വര്‍ണ വില വീണ്ടും മുന്നോട്ട്. പവന് ഇന്നുണ്ടായത് 160 രൂപയുടെ വര്‍ധന. പുതിയ പവന്‍ വില 40,160 രൂപ. ഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. 5020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇതോടെ പണിക്കൂലി ജിഎസ്ടി, സെസ് എന്നിവ ഉൾപ്പടെ ഒരുപവൻ സ്വർണവാങ്ങുന്നതിന് 44,000 രൂപയിലേറെ വില നൽകേണ്ടിവരും. ഇന്നലെയാണ് സ്വര്‍ണവില 40,000ല്‍ എത്തിയത്. പവന് 280 രൂപ ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഒരു വർഷം കൊണ്ട് സ്വർണത്തിന് 14000 മുകളിൽ രൂപയാണ് ഉയർന്നത്. ഇനിയും ഇത്തരത്തിൽ വില ഉയർന്നാൽ ഒരു പവൻ സ്വർണത്തിന് 50000 രൂപയിലെത്താൻ അധികം കാത്തിരിക്കേണ്ടി വരില്ല.
സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 14 ദിവസം കൊണ്ട് പവന് 3900 രൂപയോളമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു.