സുശാന്ത് രജ്പുതിൻ്റെ കേസ് സിബിഐക്കു വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യുഡെല്‍ഹി: സുശാന്ത് സിംഗ് രജ്പുത് കേസ് സിബിഐക്കു വിടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസ് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ശക്തമായ കാരണങ്ങള്‍ കയ്യിലുണ്ടെങ്കില്‍ മാത്രം ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും സുപ്രീം കോടതി അറിയിച്ചു. പോലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പ്രതികരിച്ചത്. സുശാന്ത് സിംഗിന്റെ സുഹൃത്തും പ്രതിശ്രുത വധുവുമായിരുന്ന റിയ ചക്രവര്‍ത്തിയാണ് കേസ് സിബിഐ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സര്‍ക്കാരിലും സിബിഐയിലും വിശ്വാസമുണ്ടെന്നും സിബിഐ അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്നും റിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്തിനെ മുംബെയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് ചലചിത്ര മേഖലയിലെ സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര, ശേഖര്‍ കപൂര്‍, സുശാന്തിന്റെ സുഹൃത്ത് റിയ ചക്രവര്‍ത്തി, മറ്റു സഹ താരങ്ങള്‍, ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ നാല്‍പ്പതിലേറെ പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു.