ബാലഭാസ്‌കറിൻ്റെ അപകട മരണം; അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഇതെ തുടര്‍ന്ന് പോലിസിന്റെ എഫ്ഐആര്‍. സിബിഐക്കു കൈമാറി. ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണിയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ കേസില്‍ സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കു ബന്ധമുണ്ടോ എന്നതിനെ കുറിച്ചു അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കുടംബം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തില്‍ പിടിയിലായ സരിത്ത് അപകട സ്ഥലത്ത് ഉണ്ടായിരുന്നതായി ബാലഭാസ്‌കറിന്റെ സുഹൃത്ത് കലാഭവന്‍ സോബിയും മുന്‍പു വെളിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ ബാലഭാസ്‌കറിന്റെ മാനജര്‍മാരെ സംശയിക്കുന്നതായും പിതാവ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മരണത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പിതാവിന്റെ ആരോപണം. ബാലഭാസ്‌കറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കു നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹതകള്‍ ബാക്കിയാണ്. 2018 സെപ്റ്റംബറിലാണ് തൃശൂരില്‍ നിന്നും മടങ്ങുകയായിരുന്ന ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്.