ചങ്ങനാശ്ശേരി: കെട്ടിട ഉടമകൾ വാടക കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്ത്. വ്യാപാര സ്ഥാപനങ്ങൾ പകുതി സമയം മാത്രം തുറക്കുകയും കച്ചവടത്തിൽ ഗണ്യമായ ഇടിവു സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചങ്ങനാശ്ശേരി വ്യാപാരി വ്യവസായി സമിതി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.
ചങ്ങനാശ്ശേരി ടൗണിലും നഗരസഭയിലെ വിവിധ വാർഡുകളിലും കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളും കൊറോണ ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ രാവിലെ 7 മുതൽ രണ്ടുവരെയാണ് വ്യാപാര സ്ഥാപനങ്ങൾക്ക് നിലവിൽ പ്രവർത്താനാനുമതിയുള്ളത്.
ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ് ഈ പ്രദേശങ്ങളിൽ നിലനിൽക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ പകുതി സമയം മാത്രം തുറക്കുകയും കച്ചവടത്തിൽ ഗണ്യമായ ഇടിവു സംഭവിക്കുകയും ചെയ്യുന്ന ഈ കാലയളവിലെ കടകളുടെ വാടക പകുതിയായി കുറയ്ക്കുവാൻ കെട്ടിട ഉടമകൾ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി സമിതി ചങ്ങനാശ്ശേരി ഏരിയാ പ്രസിഡന്റ് ജി. സുരേഷ് ബാബു ഏരിയാ സെക്രട്ടറി ജോജി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.