കെഫോണ്‍ പദ്ധതിക്കായി കിഫ്ബിക്ക് നബാര്‍ഡ് 1061 കോടിയുടെ വായ്പ നല്‍കും

തിരുവനന്തപുരം: കിഫ്ബിക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നബാര്‍ഡ് 1061 കോടിയുടെ വായ്പ നല്‍കും. കെഫോണ്‍ പദ്ധതിക്കു വേണ്ടി 1061.73 കോടി രൂപയാണ് ലോണായി നബാര്‍ഡ് അംഗീകരിച്ചത്. ഇതിന്റെ അനുമതി പത്രം കിഫബിക്ക് ഇന്നലെ കൈമാറി. മറ്റു വ്യവസ്ഥകളെല്ലാം വരും ദിവസങ്ങളില്‍ നബാര്‍ഡിന്റെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യും.

കൊറോണ മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും മൂലം ലോകമെങ്ങും വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരിക്കുന്ന സമയത്താണ് സംസ്ഥാനത്തിന്റെ കെ ഫോണിന് വേണ്ടി വായ്പ ലഭിച്ചിരിക്കുന്നത്. കേരള ജല അഥോറിയുടെ കീഴില്‍ വരുന്ന കുടിവെള്ള വിതരണ സംവിധാനമടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് നേരത്തേയും കിഫ്ബിക്ക് നബാര്‍ഡ് വായ്പ അനുവദിച്ചിട്ടുണ്ട്.

30,000 ത്തില്‍ അധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ തമ്മില്‍ ഇതിലൂടെ ബന്ധിപ്പിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനും കേരള ഫൈബര്‍ ഓപ്റ്റിക്‌സ് നെറ്റ്‌വര്‍ക് (കെ ഫോണ്‍) എന്ന ബൃഹദ് പദ്ധതിയിലൂടെ സാധിക്കും. ഇതിനു വേണ്ടിയാണ് നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് അസിസ്റ്റന്‍സില്‍ (നിഡ) ഉള്‍പ്പെടുത്തി 1061.73 കോടി രൂപ വായ്പ അനുവദിച്ചത്.

1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവ്. പദ്ധതിയുടെ സമയക്രമവും ഗുണനിലവാരവും ഉറപ്പു വരുത്തുന്നതിന് സാങ്കേതിക തലത്തിലും ഭരണതലത്തിലും ഉള്ള പരിശോധനകളായിരിക്കും കിഫ്ബി നടത്തുക. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (KSITIL) ആണ് കെ -ഫോണ്‍ പദ്ധതി നടപ്പാക്കുന്ന സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ (SPV).