തിരുവനന്തപുരം : എൽഡിഎഫ് ചേരുന്നത് വിമർശനത്തിന് ഇടയാക്കിയേക്കുമെന്നതിനാൽ ചൊവ്വാഴ്ച ചേരാൻ തീരുമാനിച്ച ഇടതുമുന്നണി യോഗം റദ്ദാക്കി. കൊറോണ വ്യാപനമാണ് കാരണമെന്നാണ് വിശദീകരണം. കൊറോണ വ്യാപിക്കുന്നത് മുൻനിർത്തി നിയമസഭാ സമ്മേളനം റദ്ദാക്കിയ സാഹചര്യത്തിൽ എൽഡിഎഫ് ചേർന്നാൽ വിമർശനമുണ്ടാകുമെന്നതിനാലാണ് യോഗം മാറ്റിയതെന്നാണ് സൂചന.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കിയതായി ഘടകകക്ഷികൾക്ക് വിലയിരുത്തലുണ്ട്. കൂടാതെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി ശിവശങ്കറെ തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജൻസി വീണ്ടും ചോദ്യം ചെയ്യും.
അതിനിടെ, സിപിഎം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് ചേരും. ഓണ്‍ലൈന്‍ വഴി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പൊതുരാഷ്ട്രീയ വിഷയങ്ങളാണ് പ്രധാന അജന്‍ഡ. കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അയച്ച കത്ത് യോഗത്തിന്‍റെ പരിഗണനയ്ക്ക് വരും.
സ്വര്‍ണക്കടത്ത് വിവാദവും കേന്ദ്രക്കമ്മിറ്റി യോഗം പരിഗണിക്കുമെന്നാണ് സൂചന. എന്നാൽ സംസ്ഥാന വിഷയമായതിനാല്‍ സമഗ്രമായ ചര്‍ച്ച വേണ്ടെന്നാണ് കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഉന്നത നിയമനങ്ങളിലെ ജാഗ്രതക്കുറവ്, എം ശിവശങ്കരന്‍റെ വിവാദ തീരുമാനങ്ങള്‍, ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ആരോപണങ്ങള്‍ നേരിടാനുള്ള തന്ത്രങ്ങള്‍ എന്നിവ സിസിയില്‍ ചര്‍ച്ചയാകും.