കൊറോണ വ്യാപനം തീവ്രമായി; രണ്ടാഴ്ചയ്ക്കിടെ സ്ഥിരീകരിച്ച 65 ശതമാനം കേസുകളും ആറു ജില്ലകളിൽ

തിരുവനന്തപുരം: കൊറോണ വ്യാപനം അനുദിനം വർധിക്കുമ്പോൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 65 ശതമാനം കേസുകളും ആറു ജില്ലകളിൽ നിന്ന്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായത്. നിലവില്‍ ആക്ടീവായ പകുതി കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്. ഈ ജില്ലകളിലെ രോഗവ്യാപനം ഏറെ ആശങ്ക ഉയർത്തുന്നതാണ്. വൈറസ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിൽ തുടക്കഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലുണ്ടായ സ്ഥിതി ഇപ്പോൾ മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നുവെന്നതിൻ്റെ സൂചനയാണിത്.

തിരുവനന്തപുരം ജില്ലയില്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 222 പേരില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 16 പേരുമുണ്ട്. ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആയുഷ് വകുപ്പില്‍ നിന്നുള്‍പ്പടെയുള്ള ജീവനക്കാരെയും നിയോഗിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ചാല മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു.ഇതേ തുടർന്ന് മാർക്കറ്റ് നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടാൻ തീരുമാനമായിട്ടുണ്ട്. സ്ഥിതി ഗൗരവമായി കണ്ട് മാര്‍ക്കറ്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.

കൊല്ലം ജില്ലയിലെ 106 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ പുറത്തുനിന്നു വന്നത് രണ്ടുപേര്‍ മാത്രമാണ്. 94 പേര്‍ക്ക് സമ്പര്‍ക്കംമൂലം. ഉറവിടമറിയാത്തത് 9. രോഗവ്യാപന സാധ്യതയുള്ള കിഴക്കന്‍ മേഖല, തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കും.

ചങ്ങനാശേരി മാര്‍ക്കറ്റില്‍ വ്യാപാരികളായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിവാസികളായ നാലുപേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരുവല്ല നഗരസഭാപരിധി കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

ആലപ്പുഴയില്‍ 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 40 സമ്പര്‍ക്കം മൂലമാണ്. വണ്ടാനം ഗവണ്‍മെന്‍റ് ടിഡി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഒമ്പത് ഡോക്ടര്‍മാറും 15 മറ്റു ജീവനക്കാരും ക്വാറന്‍റീനില്‍ പോകേണ്ടി വന്നു. ചേര്‍ത്തല താലൂക്കിലെ തീരപ്രദേശത്ത് വ്യാപകമായി ആന്‍റിജന്‍ ടെസ്റ്റ് നടത്തിവരുന്നു. ഇതില്‍ നെഗറ്റിവ് ആയ 65 വയസ്സിനു മുകളിലുള്ളവരെ പ്രത്യേകമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് റിവേഴ്സ് ക്വാറന്‍റീന്‍ സൗകര്യം ഒരുക്കാനായി ചേര്‍ത്തല എസ്എന്‍ കോളേജും സെന്‍റ് മൈക്കിള്‍സ് കോളേജുമാണ് സജ്ജീകരിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ മൈക്രോ ഫിനാന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍, ചിട്ടികമ്പനികള്‍ തുടങ്ങിയവയുടെ പണപ്പിരിവ് വിലക്കി. കടല്‍തീരപ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ജൂലൈ 29 രാത്രി 12 മണി വരെ നീട്ടി.

കോട്ടയം ജില്ലയില്‍ പാറത്തോട് ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി, തിരുവാര്‍പ്പ്, കുമരകം മാര്‍ക്കറ്റുകളിലും ആന്‍റിജന്‍ പരിശോധന നടന്നുവരുന്നു. ഇതുവരെ അഞ്ചു സിഎഫ്എല്‍ടിസികളിലായി 267 പേരെ പ്രവേശിപ്പിച്ചു.

എറണാകുളം ജില്ലയില്‍ 100 പേരുടെ റിസള്‍ട്ട് ഇന്ന് പോസിറ്റീവായതില്‍ 94 പേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കംമൂലമാണ്. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാട് ക്ലസ്റ്ററില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

തീരമേഖലയായ ചെല്ലാനം ക്ലസ്റ്ററിനോട് ചേര്‍ന്ന് കിടക്കുന്ന മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി പ്രദേശത്തെ കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ രോഗവ്യാപനത്തിന്‍റെ സൂചനകളുണ്ട്. ഈ ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ 1118 ആന്‍റിജന്‍ പരിശോധനകളില്‍ 20 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5 തദ്ദേശസ്ഥാപന പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി. 33 തദ്ദേശസ്ഥാപനങ്ങളില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിലവിലുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മത്സ്യ വിപണനത്തിനായി ആളുകള്‍ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് നിരോധിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. വടകര മുന്‍സിപ്പാലിറ്റിയും പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം, തൂണേരി, മണിയൂര്‍, വില്യാപ്പള്ളി, ചെക്യാട്, ആയഞ്ചേരി, വാണിമേല്‍, അഴിയൂര്‍, പെരുമണ്ണ പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്.  

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടു. സമ്പര്‍ക്ക വ്യാപനം തടയുന്നതിനായി ബേപ്പൂര്‍ ഹാര്‍ബര്‍ മൂന്നു ദിവസത്തേക്ക് അടച്ചു. പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.  

കണ്ണൂര്‍ ജില്ലയില്‍ ആറ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. നേരത്തേയുണ്ടായിരുന്ന സിഐഎസ്എഫ് ക്യാമ്പ്, ഡിഎസ്സി സെന്‍റര്‍, കൂത്തുപറമ്പ് ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷന്‍ എന്നിവയ്ക്കു പുറമെ ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കടവത്തൂര്‍ യുപി സ്കൂളിലെ അഞ്ച് അധ്യാപകര്‍ക്ക് രോഗബാധയുണ്ടായ തൃപ്പങ്ങോട്ടൂര്‍, ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ കുന്നോത്തുപറമ്പ് എന്നിവയും ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലകളില്‍ സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചുവരികയുമാണ്. കാസര്‍കോട് മാര്‍ക്കറ്റ് ,ചെര്‍ക്കള  ഫ്യൂണറല്‍, മംഗല്‍പാടി വാര്‍ഡ് മൂന്ന്, കുമ്പള മാര്‍ക്കറ്റ്, ഹൊസങ്കടി ലാബ് എന്നിവയാണ് ജില്ലയില്‍ രുപം കൊണ്ട ക്ലസ്റ്ററുകള്‍.

പൊതു ചടങ്ങുകള്‍, വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ നിഷ്കര്‍ഷിച്ച ആളുകളുടെ എണ്ണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് സമ്പര്‍ക്ക കേസുകളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. മരണവീട്ടില്‍ ഒത്തുകൂടിയവര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായി.
അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ഇപ്പോഴും ആള്‍ക്കാര്‍ കര്‍ണ്ണാടകയിലേക്കും തിരിച്ചും യാത്ര നടത്തുന്നു എന്നത് ജില്ലയുടെ ആരോഗ്യ സുസ്ഥിതിക്കുയര്‍ത്തുന്ന ഭീഷണി വലുതാണ്. ഇത്തരത്തില്‍ യാത്ര ചെയ്തെത്തിയവരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അവരില്‍ നിന്ന് കുടുംബങ്ങളിലേക്കും നാട്ടുകാരിലേക്കും രോഗം പടരുകയും ചെയ്തിട്ടുണ്ട്.

ജില്ലയില്‍ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 127 കണ്ടെയ്ന്‍റ്മെന്‍റ് സോണുകളാണുള്ളത്. രോഗം കാര്യമായി ബാധിക്കാത്ത പഞ്ചായത്തുകളില്‍ (ഉദുമ, കിനാനൂര്‍ കരിന്തളം) പോലും ഉറവിടം അറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രോഗവ്യാപന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.