തിരുവനന്തപുരം: എക്സൈസിൻ്റെ ഒത്താശയോടെ മദ്യവിൽപനയുടെ മറവിൽ ബാറുകളിൽ വ്യാപക തട്ടിപ്പും തിരിമറിയും. സർക്കാരിൻ്റെ മൗനസമ്മതവും കൂടിയായപ്പോൾ ബാറുകൾ ലാഭം കൊയ്യുകയാണ്. ലോക്ക് ഡൗണിൽ അടഞ്ഞുകിടന്നതിൻ്റെ കേടു തീർത്താണ് ഇടപാട് കൊഴുക്കുന്നത്. വേണ്ടപ്പെട്ടവർക്കൊക്കെ വീതം എത്തുന്നതിനാൽ അധികൃതർ മയക്കത്തിലും.
- ഒഴുകുന്നത് സെക്കൻ്റ്സ്; ബാറുകളുടെ വക വ്യാജമദ്യവും
ഒരു പൈന്റ് അടിച്ചുതീർത്താലും കിക്കാകാത്ത കുടിയന്മാർ ബാറിലെ ഒരു 90 അടിക്കുമ്പോഴേ പാമ്പാണ്!. ബാറിൽ നിന്ന് വാങ്ങുന്ന സെലിബ്രേഷന്റെ രണ്ട് അറുപത് അടിച്ചാൽ ഫിറ്റായി വീഴും. പക്ഷെ ബീവറേജസിലെ സെലിബ്രേഷന്റെ മൂന്ന് തൊണ്ണൂറ് അടിച്ചാലും ഒന്നുമാകില്ലെന്നാണ് ചില മദ്യപാനികൾ പറയുന്നത്. എന്താണ് ഇതിനു കാരണം? സെക്കൻ്റ്സ് മദ്യമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
ബാർ ജീവനക്കാരുമായി ഏറ്റവുമധികം അടുപ്പമുള്ള സ്ഥിരം ഇടപാടുകാർക്ക് മദ്യം പാഴ്സൽ വാങ്ങുമ്പോൾ അല്പം വിലകുറച്ച് കൊടുക്കാറുണ്ട്. സെക്കന്റ്സ് എന്നാണ് ഈ ഇടപാട് അറിയപ്പെടുന്നത്. നികുതിയില്ലാതെ മദ്യ കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങി രഹസ്യമായി നടക്കുന്ന വില്പനയാണിത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച പലതവണ രഹസ്യ വിവരം കിട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ലത്രേ !.
പല ബാറുകളും അവർ തന്നെ രഹസ്യമായി തയാറാക്കിയ മദ്യം വിൽപന നടത്തിയത് പിടികൂടിയ പല സംഭവങ്ങളും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകൾ സ്പെഷ്യൽബ്രാഞ്ച് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്.
എന്നാൽ ബാറുകളിലെ മദ്യ വിൽപന ശരിയായ വിധത്തിലാണോയെന്ന് പരിശോധിക്കേണ്ട എക്സൈസ് വകുപ്പാകട്ടെ ഇതൊന്നും അറിഞ്ഞ മട്ടില്ല. പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ ബാറുകളിലൂടെ വിതരണം ചെയ്യുന്ന മദ്യത്തിന്റെ ഗുണമേൻമ സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്.
ഇക്കാര്യം എക്സൈസ് വകുപ്പിനും പോലീസിനും ലഭിച്ചിട്ടുമുണ്ട്. എന്നാൽ പരിശോധന മാത്രം ഒരിടത്തും നടക്കുന്നില്ല. ചില ബാറുകാരും എക്സൈസ് വകുപ്പും തമ്മിലുള്ള ഒത്തുകളി കാരണമാണ് പരിശോധന കാര്യക്ഷമല്ലാത്തതെന്നാണ് ബീവറേജസ് കോർപറേഷന്റെ പരാതി.പോരാത്തതിന് ഉന്നതരുടെ പിന്തുണയും.
എക്സൈസ് വകുപ്പ് കാര്യമായി പരിശോധന നടത്തിയിരുന്നെങ്കിൽ ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യവിൽപന കൂടുമായിരുന്നുവെന്നാണ് ബെവ്‌കോ അധികൃതർ പറയുന്നു.
ആപ്പുമില്ല ടോക്കണുമില്ല
മദ്യപാനികളെ ഉത്തേജിപ്പിക്കാൻ സർക്കാരിറക്കിയ ആപ്പ് പോയ വഴിയിൽ പുല്ലുപോലുമില്ല. മിക്ക ബാറുകളിലും മദ്യവിതരണം ചട്ടം ലംഘിച്ചും അനധികൃതവുമായാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പല ജില്ലകളിലും സ്പെഷൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിമാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ടോക്കൺ വഴി മൂന്നു ലിറ്റർ മദ്യമാണ് സർക്കാർ ഒരാൾക്ക് അനുവദിച്ചിരിക്കുന്നത്.
എന്നാൽ ചില ബാറുകളിൽ നിന്ന് ആവശ്യാനുസരണം എത്ര വേണമെങ്കിലും ലഭിക്കും. ബാറുകളുടെ പ്രവർത്തന സമയം കഴിഞ്ഞും പിൻവാതിലിലൂടെ മദ്യം ലഭിക്കുന്നുണ്ട്. ഇങ്ങനെ വിതരണം ചെയ്യുന്ന മദ്യത്തിന് ബില്ല് നൽകുകയുമില്ല. ഈ മദ്യത്തിന് യാതൊരു ഉറപ്പുമില്ലെന്ന് മദ്യപാനികൾ പറയുന്നു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ലാഭം കുത്തനെ ഇടിഞ്ഞ ബാറുകളിൽ വ്യാജമദ്യം വിൽക്കുന്നവെന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തുന്നു. മൂന്നിലധികം ബാറുകളുള്ള വലിയ അബ്കാരികളുടെ ചില ഹോട്ടലുകളിൽ സെക്കൻ്റ്സ് മദ്യം ഒഴുകുന്നുണ്ടത്രേ.
ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസുകളിൽ നിന്നാണ് ബാറുകൾ മദ്യം വാങ്ങുന്നത്. മദ്യം വാങ്ങാനുള്ള ഇൻഡന്റിന്റെ പകർപ്പ് ബാറുകൾ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നൽകും. എക്സൈസ് സംഘം ഇടയ്ക്കിടെ ബാറുകളിലെത്തി ഇൻഡന്റും സ്റ്റോക്കും ഒത്തുനോക്കി പരിശോധിക്കണമെന്നാണ് ചട്ടം. എന്നാൽ ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇൻഡന്റും സ്റ്റോക്കും ഒത്തു നോക്കിയതിലെല്ലാം ആനയും ആടും പോലായിരുന്നു വ്യത്യാസം. തുടർന്ന് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തന്നെ പല ഇടത്തും വെട്ടിതിരുത്തി ശരിയാക്കി. വെട്ടി തിരുത്തലുകൾ പാടില്ലെന്ന് പറയാൻ ഇത് ഭൂമി വിൽപ്പനയുടെ ആധാരമല്ലല്ലോ എന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.
- വരാനിരിക്കുന്നത് വൻ മദ്യദുരന്തം
ഇപ്പോഴുള്ള അഭ്യൂഹം പോലെ വ്യാജമദ്യം വ്യാപകമായി വിൽക്കപ്പെട്ടാൽ മറ്റൊരു ദുരന്തത്തിലേക്ക് നാട് വഴുതിവീഴും എന്നതിനു
എക്സൈസിനും സംശയം ഇല്ലാതില്ല. ബില്ലില്ലാത്ത മദ്യവിൽപ്പന വലിയൊരു വിപത്തിലേക്കാണ് പോകുന്നത്. ഹോട്ടലുകളിൽ ഇരുത്തി നൽകുന്നതു പോലെ ബാറുകൾ പഴയ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ മദ്യദുരന്തം ഉറപ്പാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ സ്റ്റോക്കിനൊപ്പം മദ്യകുപ്പികളിലെ ഹോളോഗ്രാം മുദ്രയും നോക്കിയിരുന്നു. പക്ഷെ തങ്ങൾ എത്തുമ്പോൾ ബാർ ജീവനക്കാരുടെ മുഖത്ത് മുൻകാലങ്ങളെക്കാൾ ഭയം പ്രകടമായിരുന്നുവെന്ന് ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബീവറേജസ് കോപ്പറേഷന്റെയോ കൺസ്യൂമർഫെഡിന്റെയോ ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങുന്ന ഒരേ കമ്പനിയുടെ മദ്യവും ചില ബാറുകളിൽ നിന്ന് വാങ്ങുന്ന ഇതേ ഇനത്തിന്റെയും രുചിയിൽ പ്രകടമായ അന്തരമുണ്ടെന്നാണ് മദ്യപാനികൾ പറയുന്നു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരിൽ ഒരു വിഭാഗം നേരത്തെ ബാറുകളിൽ നിന്നാണ് മദ്യം വാങ്ങിയിരുന്നത്. സർക്കാർ ഔട്ട്ലെറ്റുകളിൽ എത്തിയിരുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയൊരു വിഭാഗമാണ്. കൊറോണ നിയന്ത്രണത്തിന് ശേഷം ആപ്പ് വന്നതോടെ ഈ ശീലങ്ങളെല്ലാം മാറി. ഇതോടെയാണ് ബാറിലെയും സർക്കാർ ഔട്ട്ലെറ്റുകളിലെയും മദ്യത്തിന്റെ വ്യത്യാസം പലർക്കും അനുഭവപ്പെട്ട് തുടങ്ങിയത്.
ബീവറേജസ് ഔട്ട്ലെറ്റുകൾ വഴിയും ബാറുകൾ വഴിയും ടോക്കൺ അടിസ്ഥാനത്തിൽ മദ്യം വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകിയെങ്കിലും ടോക്കണിന്റെ ഭൂരിഭാഗവും പോകുന്നത് ബാറുകളിലേക്കാണ്.
എന്നാൽ ടോക്കണില്ലെങ്കിലും ഏതു സമയത്തും പോയാലും മിക്ക ബാറുകളിൽ നിന്നും മദ്യം ലഭിക്കും. ബീവറേജസ് ഔട്ട് ലെറ്റുകളിൽ മുന്‍പ് പൂരപ്പറമ്പിലെ ആളായിരുന്നുവെങ്കിൽ ഇപ്പോൾ ശോകമൂകമായ അവസ്ഥയാണ്. ബീവറേജസ് ഔട്ട് ലെറ്റുകളിൽ മദ്യ വിൽപന ദിനംപ്രതി കുറയുകയാണ്. എന്നാൽ ബാറുകൾ വഴിയുള്ള മദ്യവിൽപന പൊടിപൊടിക്കുകയാണ്.
- സെക്രട്ടറിയേറ്റിന് മൂക്കിന് കീഴെ അനധികൃത മദ്യവിൽപന
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെവരെ ബാറുകൾ വഴി അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെങ്കിലും എക്സൈസ് വകുപ്പിന്റേയും പോലീസിന്റേയും കണ്ണിൽമാത്രം അത് എത്തുന്നില്ല. ഇവിടെ പ്രമുഖരടക്കം ആളയച്ച് മദ്യം വാങ്ങിപ്പിക്കാറുണ്ടെന്നത് ബാറുകാർക്ക് ധൈര്യം പകരുന്നു.
ബീവറേജസ് കോര്‍പ്പറേഷൻ്റെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കും സമാനമായി കുപ്പി കണക്കിന് മദ്യം വില്‍ക്കുന്നത് ബാറുകള്‍ക്ക് ലാഭമോ? എല്ലാവരുടേയും മനസിലുള്ള ഒരു ചോദ്യമാണിത്.
മൊബൈല്‍ ആപ്പില്‍ ഇ ടോക്കണ്‍ എടുത്തുള്ള പരിഷ്‌കാരത്തില്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന ഇടിഞ്ഞപ്പോള്‍ ബാറുകളില്‍ കൂടിയതായുള്ള കണക്കുകളാണ് പുറത്തുവരുന്നത്.
- ലാഭത്തെചൊല്ലി അഭ്യൂഹവും പൊരുത്തക്കേടും
മുൻപ് ബാര്‍ ലൈസന്‍സ് മദ്യം വിളമ്പുന്നതിനുള്ളതാണ്. ബാറുകളില്‍ നിന്നും മദ്യം പാര്‍സല്‍ (കുപ്പിക്കണക്കിന്) നല്‍കാനാവില്ലായിരുന്നു. കൊറോണ പശ്ചാത്തലത്തില്‍ ബാറില്‍ മദ്യം വിളമ്പല്‍ നിര്‍ത്തി കുപ്പിക്കണക്കിന് വില്‍പ്പനയ്ക്ക് അനുമതി നല്‍കി. ഇതോടെയാണ് ബാറുകളിലെ പെഗ് റേറ്റ് വില്‍പ്പനയിലെയും കുപ്പിക്കണക്കിനുള്ള വില്‍പ്പനയിലെയും ലാഭത്തെ ചൊല്ലി അഭ്യൂഹങ്ങളും പൊരുത്തക്കേടുകളും ഉയര്‍ന്നു തുടങ്ങിയത്. പെഗ് അളവില്‍ വില നിശ്ചയിച്ചിരുന്നത് ബാറിന്റെ നിലവാരത്തിനും സൗകര്യങ്ങള്‍ക്കും അനുസരിച്ചായിരുന്നു. ഇപ്പോഴത് കുപ്പിക്കണക്കിനായതോടെ എല്ലാ ബാറിലും ബീവറേജ് ഔട്ട് ലെറ്റിലും ഒരേവിലയ്ക്കാണ് മദ്യം ലഭിക്കുക. ഉയര്‍ന്ന ലൈസന്‍സ് ഫീസ് നല്‍കി കുപ്പിക്കണക്കിന് ബീവറേജ് ഔട്ട്‌ലെറ്റിലെ വിലയ്ക്ക് മദ്യം വിറ്റാല്‍ നക്ഷത്രപദവിയുള്ള ബാറുകള്‍ക്ക് എത്രത്തോളം മുതലാവുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് പല ബാറുടമകളും പറയുന്നത്. ജീവനക്കാരുടെ നിലനില്‍പ്പു പോലും അവതാളത്തിലാണെന്നും പറയുന്നു. അതിന് അവര്‍ നിരത്തുന്ന കണക്കുകള്‍ ഇങ്ങിനെയാണ്.
പെഗ് നിരക്കില്‍ മദ്യം വിളമ്പിയിരുന്ന കാലത്ത് 12 മാസത്തേക്ക് 28 ലക്ഷം രൂപയാണ് ബാറുടമകള്‍ ലൈസന്‍സ് ഫീസ് അടച്ചിരുന്നത്. ഇത്തവണ ലോക്ക് ഡൗണില്‍ കുരുങ്ങിയ ഏപ്രില്‍, മെയ് രണ്ടു മാസം കഴിഞ്ഞ് അടുത്ത മാര്‍ച്ച് 31 വരെയുള്ള പത്തു മാസകാലത്തേക്ക് ലൈസന്‍സ് പുതുക്കാന്‍ 30 ലക്ഷം രൂപയാണ് നല്‍കേണ്ടി വന്നത്. പുറമേ റൂഫ് ടോപ്, പുല്‍ത്തകിടി (ലോണ്‍), റസ്‌റ്റോറന്റ്, സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളില്‍ മദ്യം വിളമ്പാന്‍ 2.30 ലക്ഷംരൂപ കൂടി സര്‍ക്കാരിലേക്ക് അടച്ചു. പുതുക്കിയില്ലെങ്കില്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കുമോ എന്ന് ഭയന്നാണ് ഭൂരിഭാഗം പേരും ഇത്തവണ ഫീസടക്കാന്‍ തയാറായത്. ചുരുക്കം ചിലര്‍ പുതുക്കിയില്ല. എംആര്‍പി. വിലയില്‍ മദ്യം വിറ്റ് ടേള്‍ ഓവര്‍ ടാക്‌സും(ടിഒടി) അടച്ചു കഴിഞ്ഞാല്‍ കാര്യമായ വരുമാനമില്ലെന്നാണ് ബാറുടമകള്‍ പറയുന്നത്.
ഒന്നാംതിയതി ഉള്‍പ്പെടെയുള്ള അവധി ദിനങ്ങള്‍ കുറച്ചാല്‍ പ്രതിദിനം ലൈസന്‍സ് ഫീസ് ഇനത്തില്‍ മാത്രം 12,500 രൂപയോളം ചെലവുണ്ട്. വായ്പയെടുത്ത് കിസ്ത് ഫീ അടച്ചവര്‍ക്ക് അതിന്റെ പലിശയും അടയ്ക്കണം. ഇതിനു പുറമേ നഗരസഭ ലൈന്‍സ് ഫീസ്, വൈദ്യുതി/വെള്ളം ചാര്‍ജുകള്‍, കെട്ടിട നികുതി, ജീവനക്കാരുടെ ശമ്പളം, ആദായ നികുതി എന്നിവ കൂടി കണക്കാക്കി പ്രതിദിനം അഞ്ചുലക്ഷം രൂപ ശരാശരി വില്‍പ്പനയുണ്ടെങ്കിലെ ഓപ്പറേഷന്‍ ചെലവുകള്‍ നടന്നുപോകു എന്നാണ് ഉടമകളുടെ വാദം. ഒറ്റപ്പെട്ട ബാറുകളിലും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ ബാറുകളിലും ഇതിനു കഴിയുമ്പോള്‍ ഒന്നിലേറെ ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടുത്തടുത്തുള്ള നഗരങ്ങളെ ബാറുകള്‍ പ്രതിസന്ധിയിലാണെന്ന വാദവും ഉയര്‍ത്തുന്നുണ്ട്.
എന്തായാലും ഒന്ന് വ്യക്തമാണ് ബാറുകളിലെ മദ്യവിൽപ്പന തടയാൻ നടപടിയെടുത്തില്ലെങ്കിൽ വലിയൊരു പൊട്ടിത്തെറി ഉറപ്പാണ്.