വൈറസ് ബാധയുടെ തോത് ഉയർന്നു; രാജ്യത്തെ പ്രതിദിന കൊറോണ ബാധിതർ 50000 ലേക്ക്

ന്യൂഡല്‍ഹി: വൈറസ് ബാധയുടെ തോത് എല്ലാ സംസ്ഥാനങ്ങളിലും ഉയർന്നതോടെ രാജ്യത്തെ പ്രതിദിന വൈറസ് ബാധിതർ 50000 ലേക്ക്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.

ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുടെ കണക്കാണ് ഇന്നലത്തേത്. മരണവും ആയിരം കടക്കുന്നത് ആദ്യം. 12,38,635 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 7,82,606 പേര്‍ രോഗ മുക്തി നേടി. 4,26,167 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 29,861 പേര്‍ ഇതുവരെ കൊറോണ പിടിപെട്ടു മരിച്ചു.

ജൂലൈ 22 വരെ രാജ്യത്ത് 1,50,75,369 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 3,50,823 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.