കൊച്ചി: കൊല്ലം എസ്എൻ കോളേജ് സുവർണ്ണജൂബിലി ഫണ്ട് അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ക്രൈം ബ്രാഞ്ച് നാളെ സമർപ്പിക്കും. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഷാജി സുഗുണൻ നിലവിൽ വിജിലൻസിലേക്ക് സ്ഥലം മാറിയിട്ടുണ്ടെങ്കിലും കുറ്റപത്രം നൽകുന്നതിൽ നിയമ തടസ്സമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി. കേസിൽ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപം ഏറെ ശക്തമാണ്. ഇത് ശരി വയ്ക്കുന്ന രീതിയിലായിരുന്നു അന്വേഷണം.ആദ്യം കൊല്ലം ഈസ്റ്റ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങിയെങ്കിലും രണ്ടുവട്ടം തെളിവില്ലെന്ന് കാണിച്ച് ക്രൈാംബ്രാഞ്ച് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചു.
ഹൈക്കോടതിയാണ് പിന്നീട് കുറ്റപത്രം ഉടൻ സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. ജൂബിലി ആഘോഷത്തിനായി പിരിച്ച ഒരു കോടി പതിനാറ് ലക്ഷം രൂപയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. ഗൂഡാലോചന, വിശ്വാസ വഞ്ചന, അടക്കമുള്ള വകുപ്പകൾ ചുമത്തിയ കേസിൽ വെള്ളാപ്പള്ളി നടേശൻ മാത്രമാണ് പ്രതി.
യൂണിയൻ മുൻ ജില്ലാ ഭാരവാഹി പി സുരേന്ദ്ര ബാബു നൽകിയ ഹർജിയിൽ 2004ൽ ആണ് കൊല്ലം മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാൻ ഉത്തരവിട്ടത്.