ടെഹ്‌റാന്‍: മുന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധം അടക്കമുള്ള കാര്യങ്ങളില്‍ അമേരിക്കയ്ക്കും ഇസ്രയേലിനു വേണ്ടി ചാരപ്പണി ചെയ്തുവെന്ന കുറ്റത്തില്‍ ഇറാന്‍ ഒരാളെ തൂക്കിലേറ്റി. ഇറാനിയന്‍ വാര്‍ത്ത ഏജന്‍സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മഹമൗദ് മൗസവി-മജദ് എന്നയാളെയാണ് ഇന്നു രാവിലെ വധിച്ചതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആര്‍ഐബി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെടാനിടയാക്കിയതില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇറാന്റെ ആരോപണം. ജനുവരി മൂന്നിനാണ് ഇറാഖില്‍ വെച്ച് ജനറല്‍ സുലൈമാനി യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
മേഖലയില്‍ യുഎസ് സൈന്യത്തിനു നേര്‍ക്കുണ്ടാകുന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സുലൈമാനിയാണെന്നാണ് അമേരിക്കയുടെ ആരോപണം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മൂന്നു പേര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മഹമൗദ് മൗസവി-മജദിന്റെ ശിക്ഷ നടപ്പാക്കുന്നത്. പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നതിനാണ് മൂന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ വിധിച്ചതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുവെന്ന് ഇവരുടെ അറ്റോര്‍ണി വ്യക്തമാക്കി.