ചെന്നൈ: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെ തന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യക്തമായ നിലപാടുമായി വീരപ്പന്റെ മകൾ വിദ്യ വീരപ്പൻ. തന്റെ രാഷ്ട്രീയം സാമൂഹിക പ്രവർത്തനത്തിന്റേതാണെന്ന് വിദ്യ വ്യക്തമാക്കി. വീരപ്പന്റെ മൂത്തമകളായ വിദ്യയെ തമിഴ്നാട് യുവമോർച്ച വൈസ് പ്രസിഡൻറായി കഴിഞ്ഞ ആഴ്ചയാണ് നിയമിച്ചത്. കമ്മിറ്റിയിൽ വിദ്യറാണി ഉൾപ്പെടെ എട്ട് വൈസ് പ്രസിഡൻറുമാരാണുള്ളത്. ബുധനാഴ്ച പുറത്തിറക്കിയ ഭാരവാഹി പട്ടികയിൽ ‘വിദ്യ വീരപ്പൻ’ എന്നാണുള്ളത്. നിയമ ബിരുദദാരിയായാണ് വിദ്യ.
താൻ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ ആളല്ലെന്നും മാനവികതയിൽ വിശ്വസിക്കുന്നുവെന്നും വിദ്യ വീരപ്പൻ പ്രതികരിച്ചു. അച്ഛനെ ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂ. സ്കൂൾ അവധിക്കാലത്ത് കർണാടകയിലെ ഗോപിനാഥത്തെ മുത്തച്ഛന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു അത്. അന്ന് എനിക്ക് ആറോ ഏഴോ വയസ്സേ ഉണ്ടാകൂ. ഞാൻ കളിക്കുമ്പോൾ അദ്ദേഹം അടുത്തുവന്ന് നന്നായി പഠക്കണമെന്നും ഡോക്ടറായി ജനങ്ങളെ സേവിക്കണമെന്നും ഉപദേശിച്ചു – വിദ്യ കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ കൃഷ്ണഗിരിയിൽ നടന്ന ചടങ്ങിൽ പാർട്ടി ദേശീയ സെക്രട്ടറി മുരളീധരറാവുവിന്റെ സാന്നിധ്യത്തിലാണ് വിദ്യറാണി അംഗത്വമെടുത്തത്. വീരപ്പൻ-മുത്തുലക്ഷ്മി ദമ്പതികൾക്ക് വിദ്യറാണി, വിജയലക്ഷ്മി എന്നീ പെൺമക്കളാണുള്ളത്.