തിരുവനന്തപുരത്ത് ആശങ്കയേറുന്നു; നിയന്ത്രണമുള്ള സോണുകളിൽ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം : ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ആശങ്ക ഉയർത്തി തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. തീരപ്രദേശങ്ങളിലും നഗരത്തിലെ ചില സ്ഥലങ്ങളിലും ഉറവിട മറിയാത്ത സമ്പർക്ക രോഗികൾ വർധിക്കുന്നത് ഭീഷണിയായിട്ടുണ്ട്. ഇന്ന് 152 ആണ് സമ്പര്‍ക്കംമൂലമുള്ള രോഗബാധ. നാലുപേരുടെ ഉറവിടം മനസ്സിലായിട്ടില്ല.

അതേ സമയം ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളിൽ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കും. എന്നാല്‍ ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. മുന്‍ നിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകള്‍ ഈ സോണുകളില്‍ മാറ്റി വച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ളതും മറ്റ് അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കില്ല.

സമൂഹ വ്യാപനമുണ്ടായ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ പൊലീസ്, ആരോഗ്യം, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ നിയന്ത്രണങ്ങൾ
ഉറപ്പാക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതിന് നടപടികള്‍ പൊലീസ് സജീവമായി രംഗത്തുണ്ട്.

തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്ഥലങ്ങളായ സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര, പേരൂര്‍ക്കട, കുടപ്പനക്കുന്ന് അടക്കമുള്ള സ്ഥലങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും ഉറവിടം വ്യക്തമല്ലാത്തവരുമുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്.

ജില്ലയിലെ തീരപ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 28 അര്‍ദ്ധരാത്രി വരെ 10 ദിവസത്തേക്കാണ്  നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളില്‍ ഉണ്ടാകില്ല. തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം.

ഇടവ, വെട്ടൂര്‍, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം ഗ്രാമപഞ്ചായത്ത്, വര്‍ക്കല മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ ഒന്നിലും ചിറയിന്‍കീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ രണ്ടിലും കോട്ടുകാല്‍, കരിംകുളം, പൂവാര്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ മൂന്നിലും ഉള്‍പ്പെടും.

ഈ സോണുകളിൽ ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്താനാണ് നിർദേശം. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്.
പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍ ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുമണിവരെ പ്രവര്‍ത്തിക്കാം.

ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്‍റെ നേതൃത്വത്തില്‍ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ എടിഎം സൗകര്യവും ഒരുക്കും.