ന്യൂഡെൽഹി: ഇന്ത്യൻ സൈനികർക്ക് 89ഓളം ആപ്പുകൾ ഉപയോഗിക്കുന്നതിന് കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യത്ത് 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സൈനീകർക്ക് ഇത്തരമൊരു നിർദ്ദേശം കേന്ദ്രം നൽകിയത്.
ഫേസ്ബുക്ക്, ടിൻഡർ, പബ്ജി മൊബൈൽ ഗെയിം എന്നിവയടക്കമായിരുന്നു ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശിച്ചത്. അതേസമയം, ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നത് നിരവധി കോൺടാക്ടുകൾ അടക്കമുള്ള തന്റെ പ്രധാനപ്പെട്ട ഡാറ്റ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കാട്ടി അദ്ദേഹം ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിക്കുകയും ചെയ്തു.
എന്നാൽ, ജസ്റ്റിസ് രാജീവ് സഹായ് എൻറ്ലോ, ജസ്റ്റിസ് ആശാ മേനോൻ, എന്നിവരടങ്ങിയ ബെഞ്ച് സൈനികന്റെ ആവശ്യം തള്ളി. ‘നിർബന്ധമായും ആപ്പ് നീക്കം ചെയ്യണമെന്നാണ് കോടതി പറയുന്നത്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പുതിയ അക്കൗണ്ട് നിർമിക്കാൻ സാധിക്കും. ഒരു ഓർഗനൈസേഷന്റെ ഭാഗമാണ് താങ്കൾ. അതിന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്തനാണെന്നും ബെഞ്ച് ഓർമിപ്പിച്ചു.
ഫേസ്ബുക്ക് നീക്കം ചെയ്യില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ സേനയിൽ നിന്ന് എന്നെന്നേക്കുമായി രാജിവെച്ച് പോകണമെന്നും’ ഹൈകോടതി ബെഞ്ച് പറഞ്ഞു. സൈനികന്റെ പരാതിയിൻ മേലുള്ള അടുത്ത വാദം കേൾക്കൽ ജുലൈ 21ന് തുടരും.