ബീഹാര്‍: ഗോപാല്‍ഗഞ്ചില്‍ ഗണ്ഡക് നദിക്കു കുറുകെ നിര്‍മിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നു ‘വീണു. ഇന്നലെ വൈകീട്ടോടെയാണ് 29 ദിവസം മുമ്പ് പണിതീർന്ന പാലം തകര്‍ന്നു വീണത്. ഗോപാല്‍ഗഞ്ചിനെ ഈസ്റ്റ് ചമ്പാരനുമായി ബന്ധിപ്പിക്കുന്നതാണ് പാലം.
എട്ടു വര്‍ഷം എടുത്താണ് പാലം പൂര്‍ത്തിയാക്കിയത്. നാലു ദിവസമായി തുടരുന്ന മഴ കാരണം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുയാണ്. ഇതോടെ പാലവുമായി റോഡിനെ ബന്ധിപ്പിക്കുന്ന കല്ലുകള്‍ക്കു സമ്മര്‍ദ്ദം നേരിടാന്‍ കഴിയാതെ ‘വന്നതാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 263 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി നിതീഷ് കുമാറാണ്. ബീഹാറിലെ ബിആര്‍പിഎന്‍ ലിമിറ്റഡിനായിരുന്നു പാലം നിര്‍മാണ ചുമതല.
പാലം തകര്‍ന്നതിനെ തുടര്‍ന്നു സര്‍ക്കാരിനെ വിമര്‍ശിച്ചു മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനദാതള്‍ നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് രംഗത്തെത്തി. 263 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച പാലത്തിനു തകര്‍ന്നു വീഴാന്‍ കേവലം 29 ദിവസം മാത്രമാണ് വേണ്ടി വന്നതെന്നു തേജസ്വി യാദവ് കുറ്റപ്പെടുത്തി. ബിഹാറില്‍ സർക്കാരിന്റെ കയ്യിട്ടുവാരലാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസും സര്‍ക്കാരിനെതിരേ മുന്നോട്ടു വന്നിട്ടുണ്ട്.