മുംബൈ: ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചു. സാറ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഡ്രൈവറെ ക്വാറന്റീൻ സെന്ററിൽ പ്രവേശിപ്പിച്ചതായും പരിശോധനയ്ക്കും മറ്റും വേണ്ട സഹായവും നിർദേശങ്ങളും നൽകിയ ബിഎംസിയ്ക്ക് നന്ദി അറിയിക്കുന്നതായും സാറ കുറിച്ചു. ഡ്രൈവറിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് താനടക്കമുള്ള കുടുംബാഗങ്ങൾ പരിശോധനയ്ക്ക് വിധേയരായിരുന്നു. എന്നാൽ, എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്നും സാറ പറുന്നു.
നേരത്തേ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, മകൾ, ആരാധ്യ ബച്ചൻ എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചൻ മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്.
അതേസമയം മുംബൈ നഗരപരിധിയിൽ കൊറോണ വ്യാപന തോത് കുറഞ്ഞെങ്കിലും മറ്റിടങ്ങളിൽ രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്കയിലാണ് മഹാരാഷ്ട്ര. ഇന്നലെ 6,497 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ 2,60,924 രോഗികളിൽ പകുതിയിലേറെപ്പേർ സുഖം പ്രാപിച്ചു.
മുംബൈയിൽ രോഗികളുടെ എണ്ണം ഇരട്ടിക്കാൻ എടുക്കുന്ന സമയം 50 ദിവസമായി മെച്ചപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 100ൽ താഴെയെത്തിയതും ആശ്വാസമായി. വൈറസ് ബാധിച്ച് മരിച്ച പൊലീസുകാരുടെ 78 ആയി.