ഗാല്‍വാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്മാറി ; പിൻമാറ്റം രണ്ടു കിലോമീറ്റർ

ന്യൂഡെൽഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന് ചൈന. ഇന്ത്യ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് ചൈന പിന്മാറ്റം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാല്‍വാന്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നിന്ന് പിന്മാറിയെന്നാണ് അറിയിച്ചിരിക്കുന്നത്.
ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് പിന്മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈന നടത്തിയ പിന്മാറ്റം സമാധാനത്തിനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്നാണ് വിശദീകരണം.

ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്രാ മേഖലയില്‍ നിന്ന് ചൈന പൂര്‍ണമായും പിന്മാറിയെന്നാണ് വിവരം. ആദ്യ ഘട്ടത്തില്‍ ഒന്ന് മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ പിന്മാറാന്‍ ധാരണ ആയിരുന്നു. പിന്മാറ്റം ചൈനയും സൈന്യവും സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച തന്നെ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ച നടത്തുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പിൻമാറ്റം ദിവസങ്ങൾക്കകം പൂർത്തിയാകുമെന്ന് വാർത്താ ഏജൻസിയായ പിടിഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഉപഗ്രഹ ചിത്രങ്ങളനുസരിച്ച് ഗൽവാനിൽ നിന്ന് ചൈന രണ്ട് കിലോമീറ്റ‍ർ വരെ പിൻമാറിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.