തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ട് പഞ്ചായത്തുകളിലും രണ്ട് മുനിസിപാലിറ്റികളിലും ട്രിപ്പിൾ ലോക്ക് ഡൗൺ. തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂർ, ആറാട്ട് പുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലും പൊന്നാനി, താനൂർ മുൻസിപ്പാലിറ്റികളിലുമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുക.
തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാനുണ്ടാകും. രണ്ട് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിൽ സമ്പർക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉൾപ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്‍റൈൻ നടപ്പാക്കാനാണ് ശ്രമം. ജനകീയപ്രതിരോധം രോഗം ചെറുക്കാൻ വേണം. ചിലർ ഇത് ഗൗരവത്തിലെടുക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ നന്നായി പ്രവർത്തിക്കുന്നു. വോളണ്ടിയർമാരെ അടക്കം പ്രോത്സാഹിപ്പിക്കണം. കൂടുതൽ വോളണ്ടിയർമാരെ ആവശ്യമുണ്ട്. രോഗികളുടെ വർദ്ധന ഇനിയും കൂടിയാൽ വല്ലാതെ പ്രയാസപ്പെടും.
റിവേഴ്സ് ക്വാറന്‍റീൻ വേണ്ടവർക്ക് ഐസിയു, വെന്‍റിലേറ്റർ അടക്കം സൗകര്യങ്ങൾ ഇല്ലാതെ പോകും. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ്. ചികിത്സയുടെ കാര്യത്തിൽ ആരോഗ്യവകുപ്പിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും. രോഗമുക്തരായവരിൽ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കും. ഫസ്റ്റ്‍ലൈൻ ട്രീറ്റ്‍മെന്‍റ് സെന്‍ററുകൾ പെട്ടെന്ന് തന്നെ തയ്യാറാക്കി റിക്രൂട്ട്മെന്‍റ് പെട്ടെന്ന് നടത്തും.