പത്തനംതിട്ട: ആർടിഓഫീസിലെ കൊറോണ സ്ഥിരീകരിച്ച ജീവനക്കാരന് ഒപ്പം വേദി പങ്കിട്ട പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍. ജീവനക്കാരനൊപ്പം എംപിയും എംഎൽഎയും പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു.
സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരിൽ പൊതു പ്രവർത്തകരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ രോഗം ബാധിച്ച ഒരാൾ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാണ്. ഇയാളുടെ റൂട്ട് മാപ്പ് പുറത്ത് വന്നിട്ടില്ല. നിരവധി പേരുമായി സമ്പർക്കം ഉണ്ടായെന്നാണ് സംശയം.
അതേസമയം രോഗം ഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും കൂടുന്നതോടെ ജില്ലയിലെ വയോധികർക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കും കൂടുതൽ കരുതൽ നൽകും. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 187 511 വയോധികരാണ് ജില്ലയിലുള്ളത്. ഇവരെ വീടുകളിൽ പ്രത്യേക മുറിയിൽ താമസിപ്പിച്ച് പരാമവധി മറ്റുള്ളവരുമായി സമ്പർക്കം കുറയ്ക്കുകയാണ് ലക്ഷ്യം.
രോഗവ്യാപന തോത് കൂടിയതോടെ പത്തനംതിട്ടയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഏറ്റവും അധികം ആളുകൾക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയിൽ റാപ്പിഡ് ആന്‍റിജന്‍ പരിശോധന ഇന്നും തുടരും. വയോധികർക്ക് ഏർപ്പെടുത്തിയ റിവേഴ്സ് ക്വാറന്‍റീനും കടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കുലശേഖരപതി. ഇവിടെ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക കൂട്ടുന്നു. ഔദ്യോഗികമായി സൂപ്പർ സ്പ്രെട് ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരാളിൽ നിന്ന് 23 പേരിലേക്ക് രോഗം പകരുന്നത് ഇതിന്‍റെ സൂചന തന്നെയാണ്. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജൻ പരിശോധയിൽ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളുടെ ഫലം പൊസിറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടൽ. ഇതിന്‍റെ ഭാഗമായി നിലവിൽ കണ്ടെയിന്‍മെന്‍റ് സോണായ നഗരസഭയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും. വേണ്ടി വന്നാൽ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകാനും ആലോചനയുണ്ട്.